'ബൂമർമാരെ നിരോധിക്കണം'; മകൻ ഇഷാന് ശശി തരൂരിന്‍റെ കിടിലൻ മറുപടി
ന്യൂഡൽഹി: കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന സോഹോ സി.ഇ.ഒ ശ്രീധർ വെമ്പുവിന്റെ അഭിപ്രായത്തെ തുടർന്ന് മകൻ ഇഷാൻ തരൂർ പങ്കുവെച്ച കുറിപ്പിന് കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന ആശയത്തോട് യോജിപ്പുണ്ടെന്നും, എന്നാൽ അതിന് മുമ്പ് ഇന്ത്യയിലെ 'ബൂമർമാരെ' വാട്സ്ആപ്പിൽ നിന്ന് വിലക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഇഷാൻ തരൂരിന്റെ എക്സ് പോസ്റ്റ്.
ഇതിന് മറുപടിയായി, പാശ്ചാത്യ രാജ്യങ്ങളിലെ ജനനനിരക്കിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇഷാന്റെ തലമുറ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഒരർഥത്തിൽ 'ബേബി ബൂമർമാർ' തന്നെയാണെന്നായിരുന്നു ശശി തരൂരിന്റെ രസകരമായ പ്രതികരണം.
1946 മുതൽ 1964 വരെ ജനിച്ചവരെയാണ് സാധാരണയായി 'ബേബി ബൂമേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ചിന്താഗതികളും അനാവശ്യ ഉപദേശങ്ങളും പങ്കുവെക്കുന്നവരെ പരിഹസിക്കാൻ യുവാക്കൾക്കിടയിൽ 'ബൂമർ' എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാറുണ്ട്.
ഫ്രാൻസിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിനും സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാസാക്കിയ പശ്ചാത്തലത്തിലായിരുന്നു ശ്രീധർ വെമ്പുവിന്റെ പ്രതികരണം. ഇന്ത്യയിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രിക്കണമെന്നും, ഫോൺ സ്ക്രീനുകളിൽ നിന്ന് മാറി പുസ്തകവായനയിലും കളികളിലും കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയാണ് തുടരുന്നത്. കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തി നിയന്ത്രണങ്ങൾ വേണമെന്ന അഭിപ്രായവും, വ്യക്തിജീവിതത്തിൽ സർക്കാർ ഇടപെടരുതെന്ന നിലപാടും ഉയരുന്നുണ്ട്.
Leave A Comment