കേരളം

സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ വയോജനങ്ങൾക്ക് വാരിക്കോരി

തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി ഡി സതീശൻ സർക്കാറിന്റെ കന്നി ബജറ്റ് മുൻഗണന നല്‍കുന്നു.വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കേരള ഹെല്‍ത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പദ്ധതിക്കായി 100 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു.

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഗവേഷണ ലാബുകള്‍, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗകര്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി ഒരുക്കും. ഇത് ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം മെഡിക്കല്‍ ടൂറിസത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കും.

റിസർച്ച്‌ പാർക്കിനായി 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ ഐ ടി മദ്രാസ് റിസർച്ച്‌ പാർക്ക് മാതൃകയില്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സംവിധാനങ്ങളെ വ്യവസായങ്ങളുമായി സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃശ്ശൂർ ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവണ്‍മെൻറ് എൻജിനീയറിംഗ് കോളേജിനും കോണ്‍സ്റ്റിറ്റുവന്റ് കോളേജ് ഓഫ് ദ യൂണിവേഴ്സിറ്റി പദവി നല്‍കും.സില്‍വർ ഇക്കോണമി എന്ന ആശയവും സർക്കാർ അവതരിപ്പിക്കുന്നു.

വയോജനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും അവർക്ക് സാമ്പത്തിക സഹായവും സംരംഭകത്വ അവസരങ്ങളും ഉറപ്പാക്കുന്നതിനുമാണിത്. കൂടാതെ, കെയർ ഗിവർ പദ്ധതി വഴി ആറുമാസത്തെ അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും. ഇതിലൂടെ പരിചരണം ആവശ്യമുള്ളവർക്ക് സഹായവും തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കും. വയോജന പാർക്കുകള്‍, പകല്‍ വീടുകള്‍, ഫിറ്റ്നസ് സെന്ററുകള്‍ എന്നിവയും സജ്ജമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

Leave A Comment