വ്യാജ ലൈസന്‍സ് റാക്കറ്റ്: പരാതി നല്കി സ്വകാര്യ ബസുടമകള്‍
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്‍സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി. ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പറവൂരില്‍ ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്‍ക്കാലികമായി ഓടിക്കാന്‍ ഏല്‍പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്‍ന്നാണ് ഇയാളെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല്‍ അപകടത്തിന് ശേഷം ലൈസന്‍സ് പരിശോധിച്ചപ്പോള്‍, കൊടുങ്ങല്ലൂര്‍ ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്‍സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തൃശൂരില്‍ നിന്നും ലൈസന്‍സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില്‍ നിന്നാണെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ പോലീസ് ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്‍മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര്‍ ബസില്‍ കയറാന്‍ തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്‍സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
Leave A Comment