കള്ളൻ വിജയന്റെ കഥ ; ദേശാഭിമാനി 'മുക്കിയ' ലേഖനം ടി.സി.രാജേഷ് പുറത്തുവിട്ടു
തിരുവനന്തപുരം: ദേശാഭിമാനി വാരാന്ത്യപതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് ലേഖകൻ ടി.സി. രാജേഷ്. തലക്കെട്ടിൽ സംഭവിച്ച ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ഫീച്ചർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം പുല്ലാംപാറയിലെ നാടകഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി.സി. രാജേഷ് തയാറാക്കിയ റിപ്പോർട്ട്. മൂന്നര പതിറ്റാണ്ടിലധികം നീണ്ട വിജയന്റെ നാടക ജീവിതവും അദ്ദേഹം സഞ്ചരിച്ച വഴികളുമായിരുന്നു ഫീച്ചറിന്റെ ഉള്ളടക്കം.
നാടകവേദിയിലെ കള്ളൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലേഖനത്തിന് ഇത്തരമൊരു തലക്കെട്ട് നൽകിയതെന്ന് രാജേഷ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്ത്യപതിപ്പ് പിൻവലിച്ചത് വിവാദമായിരുന്നു. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു പത്രത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ലേഖനത്തോടൊപ്പമായിരുന്നു ഈ ഫീച്ചറും അച്ചടിച്ചിരുന്നത്.
വി.എസ് അനുസ്മരണത്തിന് തൊട്ടടുത്ത് കള്ളൻ വിജയൻ എന്ന തലക്കെട്ട് വന്നതിലെ വൈരുധ്യമാണ് അച്ചടിച്ച പതിപ്പ് മുഴുവൻ തടഞ്ഞുവെക്കാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
Leave A Comment