കേരളം

ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് നിയന്ത്രണം. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ഭക്തരില്‍ നിന്ന് പിരിവ് നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ക്ഷേത്രോപദേശക സമിതികളുണ്ട്. ഉത്സവങ്ങള്‍ക്ക് ക്ഷേത്രോപദേശ സമിതികള്‍ക്ക് പണപ്പിരിവ് നടത്താം. എന്നാല്‍ പിരിവ് നടത്തുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങി വേണം പണപ്പിരിവ് നടത്തേണ്ടത്. പിരിച്ചെടുക്കുന്ന പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ട് വഴി വേണം ഉത്സവത്തിന് പണം ചെലവഴിക്കാനെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതല്ലാതെ, തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ വ്യക്തിയോ, വ്യക്തികളോ സംഘടനകളോ ക്ഷേത്രോത്സവത്തിന്റെ പേരില്‍ പണപ്പിരിവ് പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഭക്തര്‍ ക്ഷേത്രത്തിന് പണം നല്‍കുന്നത് ധൂര്‍ത്തടിച്ച് കളയാനുള്ളതല്ലെന്ന് കടയ്ക്കല്‍ ദേവീക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.

അതേ സമയം കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്ര ഉത്സവത്തില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ആണ് നടത്തിയത്. ക്ഷേത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായത്. സിനിമാപാട്ട് പാടാനാണോ ഉത്സവം നടത്തുന്നത്? ഉത്സവത്തിന് ഭക്തിഗാനങ്ങളല്ലേ പാടേണ്ടതെന്ന് കോടതി ചോദിച്ചു. സ്റ്റേജില്‍ എന്തിനാണ് ഇത്രയധികം പ്രകാശവിന്യാസമെന്നും ഇത് കോളജിലെ ആന്വല്‍ ഡേ ആണോയെന്നും കോടതി ചോദിച്ചു.ഭക്തരില്‍ നിന്നും ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ നടത്താനുള്ളതല്ല. ദൈവത്തിനായിട്ടാണ് ഭക്തര്‍ പണം സംഭാവന നല്‍കുന്നത്. ഇത് ധൂര്‍ത്തടിച്ചു കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെയെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നടത്തൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്സവം ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, അവര്‍ വിശ്വാസികളായിരിക്കണമെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.


Leave A Comment