കേരളം

പ്രതിസന്ധിയിൽ ഗവർണർ - സർക്കാർ പോര് ; പിന്നാലെ സെറ്റിൽമെന്‍റ്: സതീശൻ

തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.

അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Leave A Comment