സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം: പോറ്റി പാട്ട് പാടി ഭരണപ്രതിപക്ഷ അംഗങ്ങൾ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്. സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.
സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.
പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.
Leave A Comment