മാർ ആൻഡ്രൂസ് താഴത്തും അമിത് ഷായും ചർച്ച നടത്തി
കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തൃശ്ശൂർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാർ ആൻഡ്രൂസ് താഴത്തും കൊച്ചിയിൽ ചർച്ച നടത്തി.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാർ ആൻഡ്രൂസ് താഴത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇടപ്പള്ളിയിലെ ഹോട്ടലിലെത്തി അമിത്ഷായെ കണ്ടത്. ഏതാണ്ട് അരമണിക്കൂർ ഇരുവരും കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, പാർട്ടി ഓർഗനൈസേഷൻ സെക്രട്ടറി എം. ഗണേശൻ എന്നിവരും തൃശ്ശൂർ ജൂബിലി മിഷൻ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം കൊച്ചി സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെ ക്രൈസ്തവസഭാ തലവൻമാരും തമ്മിൽ ചർച്ച നടത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബി.ജെ.പി.ക്ക് ലഭിക്കുന്നതെന്നും ഈ സഹായം കേരളത്തിൽനിന്നും ഉണ്ടാകണമെന്നും പ്രധാനമന്ത്രി സഭാ തലവൻമാരോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മാർ താഴത്തുമായി നടത്തിയ ചർച്ചയെന്ന് കരുതുന്നു.
Leave A Comment