കേരളം

മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയില്‍, ശ്രദ്ധ തിരിക്കാന്‍ കള്ളക്കേസ് : സതീശന്‍

കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരേയുള്ളത് കള്ളക്കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ്. ഇതില്‍നിന്ന് രക്ഷപെടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

മോന്‍സന്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസില്‍ ശരിയായി കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഷ്ടക്കാരെ നിയോഗിച്ചു. പിന്നീട് പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സതീശന്‍ പറഞ്ഞു.

മോന്‍സന് വിശ്വാസ്യത കൊടുത്ത പത്രമാണ് ദേശാഭിമാനി. ശബരിമലയുടെ ചരിത്രം പറയുന്ന ചെമ്പോല ഇതാണെന്ന് പറഞ്ഞ് മോന്‍സന്‍ കൊടുത്ത ചെമ്പോല ഫ്രണ്ട് പേജില്‍ കൊടുത്ത ദേശാഭിമാനിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് നടക്കുന്നത് ഇരട്ടനീതിയാണ്. പാര്‍ട്ടി ഓഫീസില്‍ നിന്നും തിട്ടൂരം വാങ്ങിയാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് പോലീസ് ഇത്രയും അധഃപതിച്ച ഒരു കാലം ഉണ്ടായിട്ടില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ മോന്‍സന്‍റെ പരാമര്‍ശം അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Leave A Comment