ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Leave A Comment