കേരളം

സംസ്ഥാനത്ത് വയോജന വകുപ്പ് നിലവിൽ വന്നു; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വൃദ്ധജനക്ഷേമത്തിനായി ഒരു വകുപ്പ് കേരളത്തിൽ രൂപീകരിച്ചു. വയോജന ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏകോപിച്ച് നടപ്പിലാക്കുന്നതിനുമാണ് പുതിയ വകുപ്പ് എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പൊതു ഭരണ വകുപ്പിൽ നിന്ന് പുറത്തിറങ്ങി. ഇനി ആരാകും ആദ്യ വയോജന മന്ത്രി എന്നതാണ് അറിയേണ്ടത്. മിക്കവാറും മുഖ്യമന്ത്രി തന്നെയാണ് വയോജന വകുപ്പ് കൈകാര്യം ചെയ്യാൻ സാധ്യത.

മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിൽ ജപ്പാൻ മാതൃകയിൽ വയോജന വകുപ്പ് നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചിരുന്നു. കഴിഞ്ഞ സർക്കാർ കാലത്ത് വയോജന കമ്മീഷൻ രൂപീകരിക്കുകയും ചെയർമാനെക്കൂടാതെ നാല് അംഗങ്ങളെ നിയമിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.

സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ 14567 എന്ന ട്രോൾ നമ്പർ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ തുടങ്ങുകയുണ്ടായി. കൂടാതെ മുനിസിപ്പാലിറ്റികളിൽ വയോമിത്രം ക്ലിനിക്, അത്യാഹിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വയോരക്ഷ പദ്ധതി, പ്രമേഹ രോഗികളുടെ മരുന്ന്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വയോ മധുരം പദ്ധതി എന്നിവ ഈ വകുപ്പിന് കീഴിൽ തുടങ്ങിയിരുന്നു.

60 വയസിന് മുകളിലുള്ളവരാണ് വയോജന വകുപ്പിന് കീഴിൽ വൃദ്ധർ എന്ന പരിഗണനയിൽ വരുന്നത്. കേരളത്തിൽ മൊത്തം ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം വർധിക്കുന്നതും വിധവകളുടെ എണ്ണം, വൃദ്ധ സദനങ്ങളുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്തു കൂടിയാണ് പുതിയൊരു വകുപ്പിന്‍റെ രൂപീകരണത്തിന് കാരണമായത്.

മാത്രമല്ല ആരോഗ്യ സംരക്ഷണം, അവർക്ക് ലഭിക്കേണ്ട നിയമപരിരക്ഷ, അണുകുടുംബങ്ങൾ ശ്രദ്ധിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വകുപ്പിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇപ്പോഴത്തെ തോതനുസരിച്ച് 2030ൽ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം 60 വയസിന് മുകളിലുള്ളവരാകും എന്നാണ് കണക്കാക്കപ്പെടുന്നത്. 2011ലെ കണക്കിൽ വൃദ്ധജന തോത് 16.5 ശതമാനമാണ്.

Leave A Comment