കേരളം

രാഹുലിനെതിരേയുള്ള കേസും അറസ്റ്റും നടപടിക്രമം പാലിക്കാതെയെന്ന് നിയമവിദഗ്ധർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്‍റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.

തിരക്കിട്ട് അറസ്റ്റ്

ഇ--മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബി എൻ എസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്. എന്നാൽ, രാഹുൽ മാങ്കൂട്ട ത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്‍റെ അഭിപ്രായം. അതിനാൽ രാഹുലിന്‍റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസ് ദുർബലമാകാൻ സാധ്യത

രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്. കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമെ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതൊന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.

Leave A Comment