അന്വേഷണത്തിൽ ആലസ്യം; സ്വർണക്കൊള്ളയിൽ കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കാവല്ക്കാര് കുറ്റവാളികളാകുകയും രക്ഷിക്കേണ്ടവര്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ക്കു സമാനതകളില്ല. ഭഗവാന്റെയും ഭക്തരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്തതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിലും അലംഭാവമുണ്ടെന്ന് കോടതി പറഞ്ഞു. ഗൗരവമേറിയ കേസുകളുടെ അന്വേഷണത്തിലെ ബോധപൂര്‍വമായ വീഴ്ചകളും അലസതയും ഒഴിവാക്കണം. അല്ലെങ്കില്‍ അതിലുള്‍പ്പെട്ട ഉന്നതരടക്കം നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടും. കുറ്റവാളികള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ അന്വേഷണ ഏജന്‍സികളും പ്രോസിക്യൂഷനും അതീവജാഗ്രത പുലര്‍ത്തണം. കേസന്വേഷണത്തിലെ വീഴ്ചകള്‍ രാജ്യത്തിന്റെ വികസനത്തെയും സാമൂഹിക സന്തുലിതാവസ്ഥയെയും സാമ്പത്തിക ഭദ്രതയെയും ദോഷകരമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ദ്വാരകപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മൂന്നാം പ്രതിയുമായ എന്‍. വാസു, മുന്‍ തിരുവാഭരണ കമ്മീഷണറും നാലാം പ്രതിയുമായ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെയും ലക്ഷണക്കണക്കിനു ഭക്തരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും മറന്നുപോയെന്നും കോടതി വിമര്‍ശിച്ചു.
പ്രത്യേക അന്വേഷണസംഘത്തിന് ഗുരുതരവീഴ്ചയുണ്ടായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ല. ഇവരുടെ പങ്ക് വ്യക്തമാണെന്നിരിക്കെ, അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു.

Leave A Comment