എസ്ഐആർ: ഒരു കോടി വോട്ടർമാർ പുറത്ത്
ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരടുപട്ടിക തയാറായപ്പോൾ ഒരു കോടിയിലേറെ വോട്ടർമാർ പുറത്ത്. പശ്ചിമബംഗാൾ, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെയും കരട് പട്ടികയാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്.
മൊത്തം 12.32 കോടി വോട്ടർമാരാണു പട്ടികയിലുള്ളത്. ഒക്ടോബർ 27ലെ വോട്ടർപട്ടികയിലാകട്ടെ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.36 കോടി വോട്ടർമാർ ഉണ്ടായിരുന്നു.പുതിയ വോട്ടർമാരുടെ പേരും കരട് പട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പശ്ചിമബംഗാളിൽ 7.66 കോടി പേരാണു വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. കരട് പട്ടികയിൽ 7.08 കോടിമാത്രമാണുള്ളത്. ഏകദേശം 58 ലക്ഷത്തിന്റെ വ്യത്യാസം.
രാജസ്ഥാനിൽ 5.48 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കരട് പട്ടികയിൽ ഇത് 5.04 കോടിയായി കുറഞ്ഞു. ഗോവയിൽ 11.85 ലക്ഷം പേരെയാണു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് 10.84 ആയി കുറഞ്ഞു. പുതുച്ചേരിയിൽ 10.21 ലക്ഷത്തിൽ നിന്ന് 9.18 ലക്ഷമായും ലക്ഷദ്വീപിൽ 58,000 ത്തിൽ നിന്ന് 56,384 ആയും വോട്ടർമാരുടെ എണ്ണം കുറഞ്ഞു.
12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എസ്ഐആർ ഒക്ടോബർ 27 നു പൂർത്തിയാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്. തുടർന്ന് പല സംസ്ഥാനങ്ങൾക്കും തീയതി നീട്ടിനൽകുകയായിരുന്നു.
Leave A Comment