ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വലിയ അറസ്റ്റിന് കേരളം കാത്തിരിക്കുന്നു: വി.ഡി. സതീശന്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പത്തനംതിട്ട പ്രസ്‌ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്‍റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.
Leave A Comment