വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് വേദനാജനകവും ദൗർഭാഗ്യകരവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘ചികിത്സാപ്പിഴവിന് ഇരയായ രോഗിയുടെ കുടുംബം പറയുന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവ്. തൊഴിലിനോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.’ സ്വന്തം ജീവിതത്തിലാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായാല്‍ ഡോക്ടര്‍ ഇങ്ങനെ ന്യായം പറയുമോയെന്നും മന്ത്രി ചോദിച്ചു.
ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നു വച്ച സംഭവത്തെ ലാഘവത്തോടെ പ്രതികരിച്ച ഡോക്ടര്‍ ലളിതാംബികയുടെ പ്രതികരണത്തെ മന്ത്രി വീണ ജോര്‍ജ് വിമര്‍ശിച്ചു. സിസ്റ്റത്തിന്റെ വീഴ്ചയാണ് പ്രശ്നത്തിനു കാരണമെന്നായിരുന്നു ഡോ. ലളിതാബികയുടെ പ്രതികരണം.
ചികിത്സാപ്പിഴവ് വരുത്തിയവര്‍ സര്‍വീസിലുണ്ടെങ്കില്‍ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. ഈ റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
സര്‍വീസില്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിഎംഇ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് ആലപ്പുഴയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയകള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മതിയായ ജീവനക്കാരുടെ സഹായത്തോടെ നടത്തണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും.
ശസ്ത്രക്രിയയ്ക്കിടെ കത്രിക രോഗിയുടെ വയറ്റില്‍ ഉപേക്ഷിച്ച സംഭവം ഗുരുതര പിഴവാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയൊ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Leave A Comment