ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണം എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. പോലീസ് അന്വേഷണത്തിലെ വീഴ്ചയും പരാതിക്കാരിയുടെ ഉള്‍പ്പെടെയുള്ള മൊഴിയിലെ പൊരുത്തക്കേടുമാണ് ഉത്തരവിലുള്ളത്.
ക്വട്ടേഷന്‍ നല്‍കിയത് ഒരു മാഡം ആണെന്ന സുനിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടന്നില്ല. അതിജീവിത ഇതു മൊഴിയില്‍ പറയുന്നെങ്കിലും അന്വേഷണം ആ വഴിക്കു നീങ്ങിയിട്ടില്ല. അതിജീവിതയെ തിരിച്ചറിയുന്നതിന് വിവാഹമോതിരം കൂടി ചിത്രീകരിക്കണമെന്ന് ദിലീപ് നിര്‍ദേശിച്ചതായാണു പറയുന്നത്.
ദൃശ്യങ്ങളില്‍ കാണുന്നത് പ്രോസിക്യൂഷന് ഉന്നയിച്ചതുപോലെ വിവാഹ മോതിരമല്ലെന്നും അതിജീവിതയുടെ വിവാഹനിശ്ചയം നടന്നത് കുറ്റകൃത്യത്തിനു ശേഷമാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇതില്ല. നടിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാൻ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന സൂചനയാണ് അന്വേഷണസംഘം ആദ്യം മുന്നോട്ടു വച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013ല്‍ തുടങ്ങിയെന്നാണു പ്രോസിക്യൂഷൻ വാദം. 2017ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസില്‍ ഒളിവിലായതിനാലാണു കൃത്യം വൈകിയതെന്ന് പോലീസ് പ റയുന്നു. എന്നാല്‍ ഇക്കാലയളവില്‍ പ്രതി കോടതിയിലും വീട്ടിലും എത്തിയിരുന്നു. നടന് മുകേഷിന്റെ ഡ്രൈവറായും പ്രവര്‍ത്തിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് മറച്ചുവച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന വാദം വിശ്വസനീയമല്ല.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനി ആക്രമണത്തിന്റെ റിഹേഴ്സല്‍ നടത്തിയെന്നും വാദമുണ്ട്. എന്നാല്‍ സുനി ഓടിച്ച കാറില്‍ പതിവായി സഞ്ചരിച്ചിരുന്ന അതിജീവിതയ്ക്ക് ഇത്തരം സംശയമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിലെ എട്ടു ഫയലുകള്‍ സുരക്ഷിതമാണ്. അതിനാല്‍ വിചാരണയെ ബാധിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനി ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തിലെ പ്രധാന ന്യൂനതയാണെന്നും കോടതി ഉത്തരവിലുണ്ട്. ദിലീപും കാവ്യാ മാധവനും ചേര്‍ന്നെടുത്ത ലോക്കറില്‍ ഫോണ്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തി നോട്ടീസ് പോലും നല്‍കാതെ ലോക്കര്‍ പൊളിച്ചു. അഞ്ചു രൂപ മാത്രമാണ് ലോക്കറിൽ കണ്ടെത്തിയത്.
പൾസർ സുനി അഭിഭാഷകനായിരുന്ന പ്രതീഷ്ചാക്കോയ്ക്കു കൈമാറിയ ഫോണ്‍ നശിപ്പിച്ചുവെന്ന വിവരമാണ് അന്തിമ കുറ്റപത്രത്തിലുള്ളത്. ഫോണ്‍ സംബന്ധിച്ച് അതിജീവിതയും സാക്ഷിയും നല്കിയ മൊഴികള്‍ ഫോറന്‍സിക് തെളിവുകളുമായി ഒത്തുപോകുന്നതല്ലെന്നും കോടതി പറയുന്നു.
Leave A Comment