ജലലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കോണ്ഗ്രസ് കമ്മിറ്റി
മേലൂർ: പുഴയിലെ ജലനിരപ്പ് താഴ്ന്നു. വൈദ്യുതോത്പാദനത്തെ തുടർന്ന് ഷോളയാർ ഡാമിൽ നിന്നും പെരിങ്ങലിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിലുള്ള കുറവും ഇവിടെ വൈദ്യുതോത്പാദനം രാത്രിയിലാക്കിയതുമാണ് ജലനിരപ്പ് കുറയുവാൻ കാരണമായി പറയുന്നത്.
പുഴയിലെ ജലനിരപ്പ് അഞ്ച് അടിയിലധികം താഴ്ന്ന നിലയിലാണ്. പുഴയുടെ അടിത്തട്ട് കണ്ടു തുടങ്ങുകയും കടവുകളിൽ മണൽതിട്ട, തുരുത്തുകൾ, പാറക്കൂട്ടം എന്നിവ രൂപപ്പെട്ട അവസ്ഥയിലുമായി. കുന്നപ്പിള്ളി തട്ടുപ്പാറ തടയണയുടെ താഴെ ഭാഗങ്ങളിൽ പുഴ മെലിഞ്ഞാണ് ഒഴുകുന്നത്. ഇത് ജലസേചന പദ്ധതികളെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് താഴ്ന്നത് ശുദ്ധജല ലഭ്യതയെ ബാധിച്ചതായി നാട്ടുകാർ പറയുന്നു. കയ്യാണിക്കടവ്, പൂലാനി, കുന്നപ്പിള്ളി, പൂലാനി, വെട്ടുകടവ് തുടങ്ങിയിവിടങ്ങളിൽ കിണറുകളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ജലസേചനം മുടങ്ങിയതോടെ ജാതി, വാഴ, പച്ചക്കറി കൃഷിയിടങ്ങൾ ഉണങ്ങി തുടങ്ങി. ഇടതുകര കനാലിൽ വെള്ളമെത്താത്ത പൂലാനി മേഖലയിൽ ജലസേചന പദ്ധതികളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. പുഴയിലെ ജലനിരപ്പ് ഉയർത്തി വെള്ളം സംഭരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെട്ടുകടവ് ചെക്ക് ഡാമിൽ ഷട്ടറുകൾ സ്ഥാപിച്ച് പുഴയിലെ ജല ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എൻ.സി. തോമസ് അധ്യക്ഷനായിരുന്നു.
Leave A Comment