ആലുവയിൽ 116 ബലിത്തറകൾക്ക് അനുമതി
ആലുവ: മണപ്പുറത്തെ മഹാശിവരാത്രി ആഘോഷത്തിന് ഒരുക്കങ്ങൾ വിലയിരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെ അധ്യക്ഷതയിൽ ഇന്നലെ വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗം നടന്നു. ഫെബ്രുവരി 18നാണ് ഭക്തജനലക്ഷങ്ങൾ എത്തിച്ചേരുന്ന മഹാശിവരാത്രി.
തിരുവിതാംകൂർ ദേവസ്വം ബോർഡും ആലുവ നഗരസഭയുമാണ് ഒരുക്കങ്ങൾ നടത്തുന്നത്. 116 ബലിത്തറകളൊരുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ശിവരാത്രിക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ മണപ്പുറത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയുണ്ടാകും. ഇത്തവണ വ്യാപാര മേള കരാർ നൽകിയതിനാൽ കരാറുകാർ ശുചീകരണം ആരംഭിച്ചു. ശിവരാത്രിക്ക് പ്ലാസ്റ്റിക്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. 1,200 പോലീസുകാരെ നിയോഗിക്കും. കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കും. കെഎസ്ആർടിസി ആലുവ ഡിപ്പോ 100 ബസുകൾ അധികമായി സർവീസ് നടത്തും. മറ്റ് ഡിപ്പോകളിൽ നിന്നുള്ള 100 അധിക സർവീസുമുണ്ടാകും. കൊച്ചി മെട്രോയും അധിക സർവീസ് നടത്തും.
മണപ്പുറത്തെ ആർച്ച് നിർമാണം ശിവരാത്രിക്ക് മുമ്പ് പൂർത്തീകരിക്കാൻ സ്പോൺസർക്ക് നിർദേശം നൽകിയതായി ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.
Leave A Comment