ബൈക്കിലെത്തിയ യുവാക്കൾ കെ.എസ്.ആർ.ടി.സി. തടഞ്ഞിട്ട് ഡ്രൈവറെ മർദ്ദിച്ചു
പറവൂർ:കെഎസ്ആർടിസി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ രണ്ടു പേർ ചേർന്ന് മർദ്ദിച്ചു.സംഭവത്തിൽ ഗുരുവായൂർ ഡിപ്പോയിലെ ഇരിഞ്ഞാലക്കുട പടിയൂർ പുതുക്കാട് വീട്ടിൽ പി.എ.ഷാജി (46) ക്ക് പരിക്കേറ്റു. വെള്ളി ഉച്ചക്ക് 12.15നാണ് സംഭവം.
എറണാകുളത്ത് നിന്നും ഗുരുവായൂർക്ക് പോകുകയായിരുന്ന ബസ് വഴിക്കുളങ്ങരയിലെത്തിയപ്പോൾ ബസിന് കുറുകേ ബൈക്കിലെത്തിയ രണ്ട് പേർ അലക്ഷ്യമായി ബൈക്ക് ഓടിച്ച് തടസം സൃഷ്ടിച്ചു.തുടർന്ന് പെരുവാരത്തിന് സമീപം വച്ച് ബസിന് കുറുകെ ബൈക്ക് നിർത്തിയ ശേഷം ഡ്രൈവറെ ഇടിവള ഉപയോഗിച്ച് മുഖത്തിടിച്ചു.
കാരണമെന്തെന്ന് പറയാതെയായിരുന്നു ആക്രമണം. സംഭവ ശേഷം ബസ് പറവൂർ ഡിപ്പോയിലേക്ക് പോന്നു.പിന്തുടർന്നെത്തിയ ഇരുവരും കെഎംകെ കവലയിൽ വച്ച് ഡ്രൈവറെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു.
ബസ് ഡിപ്പോയിലെത്തിയപ്പോൾ ഇവർ പിൻതുടർന്നെത്തി ഡ്രൈവറെ വീണ്ടും മർദിച്ചു.വയറ്റിൽ ശക്തമായി ചവിട്ടേറ്റ ഡ്രൈവർ താഴെ വീണു. ഡ്രൈവറുടെ വസ്ത്രങ്ങളും ഇവർ വലിച്ചു കീറി. തുടർന്ന് ഡിപ്പോയിലെ മറ്റ് ജീവനക്കാർ ചേർന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
പരിക്കേറ്റ ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറെ ആക്രമിച്ച വരാപ്പുഴ സ്വദേശി ശ്രീനാഥ് (27), ചെറിയപ്പിള്ളി സ്വദേശി രാജേഷ് (26) എന്നിവരെ പൊലീസ് കസ്റ്റഡിയിലെത്തു.
Leave A Comment