പ്രാദേശികം

തുരുത്തിപ്പുറത്തേത് കൊലപാതകവും ആത്മഹത്യയുമെന്ന് പോലീസ്

പറവൂര്‍: തുരുത്തിപ്പുറത്ത് ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ച സംഭവം, അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം മരുമകൾ തൂങ്ങി മരിച്ചതെന്ന് പോലീസ്. കുണ്ടോട്ടിൽ അംബിക (55), ഭർതൃമാതാവ് സരോജിനി (85) എന്നിവരെ ഇന്ന്  രാവിലെയാണ്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.അംബിക അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. സരോജിനി കിടപ്പുമുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. 

സരോജിനിയുടെ മൃതദേഹത്തിൽ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങൾ ഉള്ളതായി പൊലീസ് പറഞ്ഞു.ഇന്നലെ  രാത്രി ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നാണു വിവരം. ഇന്ന്  രാവിലെ ആരെയും വീടിനു പുറത്തു കാണാത്തതിനാൽ സമീപവാസിയുടെ മകൾ മാല്യങ്കരയിൽ താമസിക്കുന്ന സജ്നയെ വിവരമറിയിച്ചു.സജ്നയും ഭർത്താവ് ബിജോയിയും വീട്ടിലെത്തിയപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു.

പിന്നിലെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു ഇരുവരെയും  മരണപ്പെട്ട നിലയിൽ കണ്ടത്.ഏതാനും വർഷങ്ങൾക്കു മുൻപ് അംബികയുടെ മകൻ സബിൻ അപകടത്തിൽ മരിച്ചു. ഭർത്താവ്  സതീശൻ മരിച്ച ശേഷം അംബികയും സരോജിനിയും മാത്രമാണു വീട്ടിൽ താമസം.

ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറില്ലെന്നാണു വിവരം. തുടർനടപടികൾ സ്വീകരിച്ച ശേഷം പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ നാളെ  സംസ്കരിക്കും.

Leave A Comment