പ്രാദേശികം

കുഴൂർ ഐരാണിക്കുളത്ത് വയോധികൻ മീൻകുളത്തിൽ മുങ്ങിമരിച്ചു

മാള: കുഴൂർ ഐരാണിക്കുളത്ത് വയോധികൻ മീൻകുളത്തിൽ മുങ്ങി മരിച്ചു. മാവേലി കളരിക്കൽ ശ്രീധരന്റെ മകനായ 65 വയസ്സുള്ള ചന്ദ്രനാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. ഐരാണിക്കുളത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കെത്തിയതായിരുന്നു ചന്ദ്രൻ. മീൻകുളത്തിന് സമീപത്തേക്ക് അർബാനയിൽ മണ്ണ് കൊണ്ടുവരുന്നതിനിടെ കാൽതെറ്റി മീൻകുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ചന്ദ്രനൊപ്പം ജോലിക്കെത്തിയിരുന്ന സ്ത്രീ, ഏറെ സമയം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മാള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് മാള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Leave A Comment