ചക്ക വീണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടു; യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊടുങ്ങല്ലൂർ: പുല്ലൂറ്റിൽ റോഡിലേക്ക് ചാഞ്ഞുനിന്ന പ്ലാവിൽ നിന്ന് ചക്ക വീണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടെങ്കിലും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കരൂപ്പടന്ന പള്ളിനട മദ്രസ അധ്യാപകൻ അൻസാർ അസ്ഹരിയാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
പുല്ലൂറ്റ് കോഴിക്കടയിൽ സ്റ്റീൽ വേൾഡിന് മുന്നിലെ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അൻസാറിന്റെ വാഹനത്തിലേക്കാണ് പ്ലാവിൽ നിന്ന് ചക്ക വീണത്. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ കാനയിലേക്ക് മറിയുകയായിരുന്നു.
ഇതേ സ്ഥലത്ത് ഇതിന് മുമ്പും സമാനമായ മൂന്ന് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Leave A Comment