പ്രാദേശികം

മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിച്ച് യുവതി മരിച്ചു

കോണത്തുകുന്ന്: മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിച്ച് യുവതി മരിച്ചു. കോണത്തുകുന്ന് പാലപ്രക്കുന്ന് കാട്ടുങ്ങപ്പറമ്പില്‍ രഞ്ജിത്തിന്റെ ഭാര്യ ലക്ഷ്മിയാണ് (26) മരിച്ചത്. പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ലക്ഷ്മിയെ പ്രസവത്തിനായി സ്വന്തം വീട്ടില്‍ കൊണ്ടുപോകാനിരിക്കെ അസുഖ ബാധിതയായതിനെ തുടര്‍ന്ന് സ്ഥിരമായി പരിശോധനകള്‍ക്കായി പോയിരുന്ന ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും അവിടെ നടത്തിയ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയുമായിരുന്നു. 

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകുകയും  കഴിഞ്ഞ 15 - ന് ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. ഡയാലിസിസ് തുടര്‍ന്നു കൊണ്ടിരുന്ന ലക്ഷ്മിയെ 18 -ന് വിദഗ്ധ ചികിത്സക്കായി എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കൊണ്ടുപോയി.

 ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10 - ന് മരണം സംഭവിക്കുകയായിരുന്നു.ഓപ്പറേഷന്‍ നടത്തി പുറത്തെടുത്ത ആണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.  കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഓലിപറമ്പില്‍ മോഹനന്‍ - രതി ദമ്പതിമാരുടെ മകളാണ് ലക്ഷ്മി. സഹോദരങ്ങള്‍: രാഹുല്‍, രാഹിന്‍.

Leave A Comment