ഗോധ്ര കലാപത്തിൽ പ്രതികളായ 35 പേരെയും കോടതി വെറുതെവിട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ 35 പേരെയും കോടതി വെറുതെവിട്ടു. പഞ്ച്മഹൽ ജില്ലയിലെ ഹലോൽ ടൗൺ കോടതിയുടേതാണ് വിധി.
കപട മതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണ് ഇത് ആസൂത്രിത കലാപമാണെന്ന് അവകാശപ്പെട്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. ഈ മാസം 12 ന് ആയിരുന്നു വിധി. എന്നാൽ 15 ന് ആണ് വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി ഹർഷ് ത്രിവേധിയാണ് വിധി പറഞ്ഞത്.
2002 ഫെബ്രുവരി 28-ന് ഗോധ്രയിൽ സബർമതി എക്സ്പ്രസ് ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ കലോൽ ബസ് സ്റ്റാൻഡ്, ഡെലോൽ ഗ്രാമം, ഡെറോൾ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 35 പേർക്കെതിരെ കലാപം, അനധികൃത സംഘം ചേരൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
പ്രതികൾക്കെതിരെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് പേരെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മൃതദേഹം കത്തിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
കേസിൽ ആകെ 52 പ്രതികളാണ് ഉണ്ടായിരുന്നത്. 20 വർഷത്തെ വിചാരണയ്ക്കിടെ 17 പേർ മരിച്ചു.

Leave A Comment