ദേശീയം

സിഎഎയിൽ അസം വീണ്ടും കലുഷിതമാകുന്നു; ആശങ്കയിൽ ബംഗാളി ഹിന്ദുക്കൾ

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക് അതിവേഗം ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ പാർട്ടികൾ സിഎഎയെ വിമർശിക്കുമ്പോൾ, ബിജെപി ഉന്നയിച്ച വാദം അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് സിഎഎ ആശ്വാസമാകും എന്നാണ്. പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ അതിനെ ആദ്യം പിന്തുണച്ച ബിജെപിക്ക് കൈ പൊള്ളിയെന്ന് മനസിലായത് പിന്നീടാണ്. രജിസ്റ്റർ തയ്യാറാക്കിയപ്പോൾ ബംഗാളി ഹിന്ദുക്കളായ വലിയ വിഭാഗം രജിസ്റ്ററിൽ നിന്ന് പുറത്തായി. ഇത്തരത്തിൽ പുറത്തായവരിൽ മുസ്ലിങ്ങൾ കുറവാണെന്നും ഹിന്ദുക്കളാണ് അധികമെന്നും വാദിക്കുന്നുണ്ട്, കോൺഗ്രസ്. സംസ്ഥാനത്ത് മുസ്ലിം ഭൂരിപക്ഷ ജില്ലകളായ ധുബ്രി, സൗത്ത് സൽമാര, കരിംഗഞ്ച് എന്നിവിടങ്ങളിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തായവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കുറവായിരുന്നു.

പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആദ്യം കൈയ്യടിച്ചത് സംസ്ഥാനത്തെ ബംഗാളി ഹിന്ദുക്കളായിരുന്നു. ഇവർ ബിജെപിയെ വോട്ട് ചെയ്ത് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിപ്പിച്ചു. എന്നാൽ പിന്നീട് ഇതേ സമൂഹം തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരല്ലെന്ന് തെളിയിക്കാനായി കോടതികൾ കയറി. ഇപ്പോൾ ഇതേ വിഭാഗത്തിന് തങ്ങൾ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് സ്ഥാപിച്ചാലേ പുതിയ സിഎഎ പ്രകാരം പൗരത്വം ലഭിക്കുകയുള്ളൂ.

വിഷയം വലിയ തോതിൽ തന്നെ രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എൻആർസി പ്രധാന ആയുധമാക്കിയിരിക്കുകയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ. അതിശക്തമായ രീതിയിലാണ് ബിജെപിയെ ഈ വിഷയത്തിൽ മറ്റ് കക്ഷികൾ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ബിജെപി നേതാക്കളോട് ആദ്യം അപേക്ഷ സമർപ്പിച്ച് ഇതിൻ്റെ കാര്യക്ഷമത തെളിയിക്കാനാണ് തൃണമൂൽ കോൺഗ്രസ് വെല്ലുവിളിച്ചത്. ഒരിക്കൽ ബംഗ്ലാദേശിയല്ലെന്ന് തെളിയിക്കാൻ പാടുപെട്ട സമൂഹം ഇനി ബംഗ്ലാദേശിൽ നിന്നാണെന്ന് തെളിയിക്കാൻ രേഖകൾ തേടി പായേണ്ടി വരുന്ന അസാധാരണമായ സാഹചര്യമാണ് അസമിൽ സൃഷ്ടിക്കപ്പെട്ടത്. 18 ശതമാനത്തോളം വരുന്ന അസമിലെ ബംഗാളി ഹിന്ദുക്കളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബംഗാളി ഹിന്ദുക്കളും സിഎഎയിലും എൻആർസിയിലും വലിയ തോതിൽ ആശങ്കയുള്ളവരാണ്. അത് ഒന്നുകൂടി ആളിക്കത്തിക്കാൻ തൃണമൂൽ അടക്കമുള്ള കക്ഷികൾ ശ്രമിക്കുമ്പോൾ ഈ കടമ്പ കടക്കുക ബിജെപിക്ക് ഏറെ ശ്രമകരമാണ്.

Leave A Comment