ദേശീയം

സിദ്ധരാമയ്യ നായകൻ, ഡി.കെ കാത്തിരിക്കും; സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.

ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുൻ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ബംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ പ്രവർത്തകർ ആഘോഷവുമായി രംഗത്തെത്തി. അതേസമയം, ഡി.കെ. ശിവകുമാർ തൽക്കാലം മന്ത്രിസഭയിലേക്കില്ല. ഉപമുഖ്യമന്ത്രിയാകാൻ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഡൽഹിയിൽ ഇന്നും തിരക്കിട്ട ചർച്ചകളാണ് നടന്നത്. സോണിയ ഗാന്ധിയുമായി രാവിലെ സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുമായും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചശേഷമായിരിക്കും ഉപമുഖ്യമന്ത്രി പദവികളും വകുപ്പുകളും സംബന്ധിച്ചു തീരുമാനമെടുക്കുകയെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു.

Leave A Comment