ദേശീയം

'പ്രതിപക്ഷം ഭയപ്പെടില്ല': മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ്

ന്യൂഡൽഹി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി സർക്കാർ പകപോക്കൽ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിർക്കുന്നവരെ ഇഡിയെ ഉപയോഗിച്ച് വൈരാഗ്യം കാണിക്കുകയാണെന്നും ഖാർഗെ വിമർശിച്ചു.

നിർലജ്ജമായ നടപടികൾ കൊണ്ട് പ്രതിപക്ഷത്തെ ആരെയും ഭയപ്പെടുത്താനാകില്ലെന്നും ഖാർഗെ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമവിദഗ്ധരുടെ യോഗം വിളിക്കുകയും ചെയ്തു.

തമിഴ്നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയെ ചൊവ്വാഴ്ച രാത്രിയിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. അറസ്റ്റ് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.

Leave A Comment