ദേശീയം

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ നന്ദി പ്രമേയം പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.

പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്‍തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.

എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.

പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല. പ്രതിപക്ഷത്തിന്‍റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

പാർലമെന്‍റിന്‍റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്‍റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.

Leave A Comment