ദേശീയം

വിവാഹപ്രായത്തിനു മുമ്പേ ഒന്നിച്ചുതാമസിക്കാം; വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി

ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസ‌മ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്‍റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് വിധിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹർജി നൽകിയ 18‌ വയസ് പൂർത്തിയായ യുവതിയും 19 വയസ് പൂർത്തിയായ യുവാവും തങ്ങൾ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറിൽ ഇരുവ​രും ഒപ്പിട്ടുണ്ടെന്നും എന്നാൽ, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിൽ കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഇരുവരും കോടതിയിൽ പരാതിപ്പെട്ടു.

എന്നാൽ, ഇരുവരുടെയും ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ യുവാവിനു വിവാഹത്തിനു ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് പൂർത്തിയായിട്ടില്ലെന്നും ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

ലിവ്-ഇൻ-റിലേഷൻഷിപ്പുകൾ ഇന്ത്യൻ നിയമത്തിനു കീഴിൽ നിരോധിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി എല്ലാ പൗരരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഭരണഘടനാപരമായ ചുമതല സർക്കാരുകൾക്കുണ്ടെന്നും നിരീക്ഷിച്ചു. ഹർജിയിലെ വസ്തുതകൾ പരിശോധിച്ചു ഇരുവർക്കും ആവശ്യമെങ്കിൽ സംരക്ഷണം ഒരുക്കാനും രാജസ്ഥാൻ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു.

Leave A Comment