കോൺഗ്രസിന് ദിശാബോധമില്ലാതായി; പാർട്ടിയെ വീണ്ടും വെട്ടിലാക്കി തരൂർ
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ വീണ്ടും പാർട്ടിക്കെതിരെ തിരിഞ്ഞത്.
കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണവും വിമർശനത്തിലുണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു.
പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം യാഥാർത്ഥ്യം എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു. തരൂർ മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്.
എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബിജെപി കൗൺസിലർമാരെ തരൂർ അഭിനന്ദിച്ചത് വിവാദമായിരുന്നു.
Leave A Comment