രാഷ്ട്രീയം

‘കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്’; കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തൃശൂർ: മാധ്യമങ്ങളെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്. എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. ആ ആരോപണം പൊളിഞ്ഞു പോയില്ലേ. പത്മ അവാർഡുകൾ എങ്ങനെയാണ് നൽകുന്നത് എന്നത് വ്യക്തമല്ലേ. ആ കള്ള പ്രചാരണങ്ങൾ പൊളിഞ്ഞു വീഴും. ഇത്തരം പ്രചാരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ല. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണ്.

കുഷ്ഠരോഗികളുടെ മനസ് ആണ് കേരളത്തിലെ മാധ്യമങ്ങൾക്ക്. എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുത് എന്ന ആഗ്രഹമാണ് മാധ്യമങ്ങൾക്ക്. മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. ബിജെപിയെ നന്നാക്കാൻ കൈരളിയോ മീഡിയ വണ്ണോ ശ്രമിക്കേണ്ട. ആലത്തൂരിൽ ഉടൻ സ്ഥാനാർഥി ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്.

നരേന്ദ്രമോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എൻഡിഎ ഉയർത്തുന്നത്. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഐഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി. ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്. കാസർകോട്-തിരുവനന്തപുരം 6 വരി പാത, കൊച്ചി മെട്രോയും കൊച്ചി കപ്പൽശാലയും വികസിപ്പിക്കൽ, മാഹി- തലശ്ശേരി, കൊല്ലം- ആലപ്പുഴ ബൈപ്പാസുകൾ, തിരുവനന്തപുരം, കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതികൾ, അമൃത് പദ്ധതി, കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളുടെ ആധുനികവത്ക്കരണം തുടങ്ങി അടിസ്ഥാന വികസനരംഗത്ത് വലിയ മാറ്റമാണ് സംസ്ഥാനത്ത് കേന്ദ്രസർക്കാർ സൃഷ്ടിച്ചത് എന്നും സുരേന്ദ്രൻ പറഞ്ഞു.

Leave A Comment