രാഷ്ട്രീയം

ഇരിങ്ങാലക്കുടയിലേക്കല്ല, പ്രധാനമന്ത്രിയെത്തുക 15ന് കുന്നംകുളത്ത്

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. നേരത്തെ കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുടിയിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിലൂടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് തെരഞ്ഞെടുപ്പ് വിഷയമായി പ്രചരിപ്പിക്കാനും പാർട്ടി ലക്ഷ്യമിട്ടിരുന്നു.

കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂർ തൃശൂർ ചാലക്കുടി മണ്ഡലങ്ങളിൽ അനുകൂല തരംഗം ഉണ്ടാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് മോദിയെ ഇരിങ്ങാലക്കുടയിലെത്തിക്കാൻ ശ്രമം നടത്തിയത്.

Leave A Comment