രാഷ്ട്രീയം

പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം:  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിലാണ് നടപടി. വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്ത് പോയത് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Leave A Comment