രാഷ്ട്രീയം

പി. രാജീവ് എൽഡിഎഫ് കൺവീനറായേക്കും; സിപിഐഎമ്മിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് എൽഡിഎഫ് കൺവീനറായേക്കുമെന്ന് സൂചന. നിലവിലെ കൺവീനർ ടി.പി. രാമകൃഷ്ണൻ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ കൺവീനറെ സംബന്ധിച്ച ചർച്ചകൾ സിപിഐഎമ്മിൽ സജീവമായത്.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി.പി. രാമകൃഷ്ണൻ പദവി ഒഴിയാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെ എൽഡിഎഫിന് പുതിയ നേതൃത്വം നൽകാനുള്ള ആലോചനകൾ പാർട്ടിക്കകത്ത് ശക്തമായിട്ടുണ്ട്.

2026 നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പി. രാജീവിനെ വീണ്ടും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. കളമശ്ശേരി മണ്ഡലത്തിൽ പരാജയപ്പെട്ടതോടെ എം.എൽ.എ സ്ഥാനം നഷ്ടമായെങ്കിലും, സംഘടനാ രംഗത്തെ പ്രവർത്തന പരിചയവും പൊതുരംഗത്തെ സജീവ സാന്നിധ്യവും അദ്ദേഹത്തെ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് പരിഗണിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിന് യുവമുഖത്തിന്റെ നേതൃത്വം ഗുണകരമാകുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പി. രാജീവിന്റെ പേര് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പ്രധാന പരിഗണനയിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്

Leave A Comment