പി.എം. ശ്രീ പദ്ധതിയെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പദ്ധതി സംബന്ധിച്ച് മുൻ ഇടത് സർക്കാർ സ്വീകരിച്ച നിലപാടാണ് സഭയിൽ ചർച്ചയായത്.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് പിൻവലിക്കാനായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർ.എസ്.എസ് ആശയങ്ങൾക്ക് വഴിയൊരുക്കുന്ന നടപടിയാണ് അന്നത്തെ ഇടത് സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ആർ.എസ്.എസ് വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്ക് കൊളുത്തിയത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിലവിൽ സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും പദ്ധതി പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ടതില്ലെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞ സാഹചര്യത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവെച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു. എന്നാൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത് നിലവിലെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടെ ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ പരിഹാസവുമായി രംഗത്തെത്തി. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് നേരത്തേ തന്നെ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എട്ട് മാസമായി വിഷയത്തിൽ നടപടി സ്വീകരിക്കാത്തതാണ് സർക്കാരിന്റെ വീഴ്ചയെന്നും അദ്ദേഹം വിമർശിച്ചു.
ആർ.എസ്.എസിന് കീഴടങ്ങിയാണ് അന്നത്തെ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന ആരോപണം മുഖ്യമന്ത്രി ആവർത്തിച്ചു. അതേസമയം, എൻ.ഇ.പി കേരളത്തിൽ ഒരിക്കലും നടപ്പാക്കില്ലെന്നും പി.എം. ശ്രീ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
Leave A Comment