രാഷ്ട്രീയം

'ഭരണവിരുദ്ധ വികാരമില്ല, ഗൃഹസമ്പർക്കത്തിൽ അത് വ്യക്തമായി': എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ​ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ.

പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ​ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ടുവച്ച വിമർശനം ഉൾക്കൊള്ളും. പോരായ്മകൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങളുടെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പാർട്ടിക്കെതിരേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്‍റെ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു. പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്നും നയാപൈസ വകമാറ്റില്ല. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. പാർട്ടി വിഷയം ചർച്ച ചെയ്തതാണ്. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അകത്ത് പറഞ്ഞതെല്ലാം പരി​ഗണിച്ചിട്ടുണ്ട്. ഇനി പരാതിയുണ്ടെങ്കിൽ പോലീസിനെയും സമീപിക്കാമല്ലോയെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കള്ളക്കഥ പൊളിഞ്ഞെന്നും ജനങ്ങൾക്കത് മനസിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിമരത്തിലേക്ക് അന്വേഷണം വന്നപ്പോൾ എസ്ഐടിക്കെതിരെ വി.ഡി. സതീശൻ രം​ഗത്ത് വന്നു. തന്ത്രിയെ പിടിച്ചതോടു കൂടി ബിജെപിക്ക് മിണ്ടാട്ടമില്ല.

പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യുഡിഎഫ് ആണ്. വിഷയത്തിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും എം.വി. ​ഗോവിന്ദൻ വ്യക്തമാക്കി.

Leave A Comment