രാഷ്ട്രീയം

ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി; ഒ. ജെ ജനീഷ് കൊടുങ്ങല്ലൂരിൽ മത്സരിക്കും

മാള: ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി. കൊടുങ്ങല്ലൂർ പിടിക്കാൻ കോൺഗ്രസ്‌ നിയോഗിച്ചിരിക്കുന്നത് യുവരക്തത്തെ. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഒ. ജെ ജനീഷ് കൊടുങ്ങല്ലൂരിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥിയാകും. നിശബ്ദപ്രചാരണവുമായി ജനീഷ് മണ്ഡലത്തിൽ സജീവമാണ്.

ടി .എൻ പ്രതാപന് ശേഷം കൈവിട്ട് പോയ കൊടുങ്ങല്ലൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്ന നിയോഗമാണ് ഒ .ജെ ജനീഷിനുള്ളത്.  ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും ജനീഷ് തന്നെയാകും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി.

ടി .എൻ പ്രതാപൻ ഒഴിഞ്ഞശേഷം മണ്ഡലത്തിനു പുറ ത്ത് നിന്നുള്ള സ്ഥാനാർഥികൾ ആയിരുന്നു കോൺഗ്രസിന് വേണ്ടി മത്സരിച്ചിരുന്നത്. രണ്ടുവട്ടവും അവരെ തോൽപ്പിച്ചു മാർജിൻ ഉയർത്തി വി ആർ സുനിൽകുമാർ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.

കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, മേത്തല  എന്നീ രണ്ടു പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ പഴയ മാള മണ്ഡലത്തിലെ ആളൂർ ഒഴിച്ചുള്ള പഞ്ചായത്തുകളാണ് കൊടുങ്ങല്ലൂരിൽ ഉൾപ്പെടുന്നത്. ലീഡർ കെ കരുണാകരൻ പ്രതിനിധീകരിച്ച മണ്ഡലം എന്ന വൈകാരികത ഉള്ളതിനാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോൺഗ്രസിൽ ശക്തമായ ആവശ്യമാണ് . 

വിവിധ പഞ്ചായത്ത്‌ കേന്ദ്രീകരിച്ചു കൊണ്ട് എസ് ഐ ആർ പട്ടിക പരിശോധനയും നിശാക്യാമ്പുകളും ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല, മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ സന്ദർശിക്കാനും ജനീഷ് തുടക്കം കുറച്ചുകഴിഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ശേഷം  തുറന്ന പോരിന് യുവജനങ്ങളെ അണിനിരത്താമെന്നുമാണ് കോൺഗ്രസ്‌ നേതൃത്വം നൽകുന്ന സൂചന.

Leave A Comment