സ്വർണക്കൊള്ള; തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നീക്കം: മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ദേവസ്വം ബോർഡിലെ ചിലർ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല.
കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂ. അത് കോടതിയിൽ പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ എന്തിനാണ് മന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്.
സ്വന്തം വകുപ്പിനു കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം സിപിഎം നേതാക്കളല്ലെയെന്നും മുരളീധരൻ ചോദിച്ചു.
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട. കേസ് പ്രതിപക്ഷം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Leave A Comment