രാഷ്ട്രീയം

അന്തരിച്ച സിപിഎം നേതാവിന്‍റെ പേരില്‍ ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് നടപടിക്കൊരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം: അന്തരിച്ച നേതാവ് പി.ബിജുവിൻറെ പേരിൽ ഡിവൈഎഫ്ഐ പിരിച്ച ഫണ്ടിൽ തിരിമറിയെന്ന് ആക്ഷേപം. തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായ പരാതിയെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തിരിമറി വിവാദം ഉയര്‍ന്നിരിക്കുകയാണ്. പി  ബിജുവിന്റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്.  ഡിവൈഎഫ്ഐ പാളയം ബ്ളോക്ക് കമ്മിറ്റി പിരിച്ച ഫണ്ടിലാണ് തിരിമറി ആരോപണം ഉയർന്നത്.  

ഒരു വര്പൊ‍ഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത്  11,20,200 രൂപയാണ്. എന്നാൽ മേൽ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന  ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു.

 മെയ് മാസം 7ന്  ചേ‍‍ർന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തിൽ  ഉണ്ടായ രൂക്ഷവിമർശനത്തിന് പിന്നാലെ പല ഘട്ടമായി 1,3200 ത്തോളം രൂപ കുടി മേൽകമ്മറ്റിയിൽ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്.  അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിൻ പ്രതികരിച്ചിട്ടില്ല.  എതായാലും പ്രശ്നം അതീവ ഗൗരവമായാണ് സിപിഎം കാണുന്നത് . ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Leave A Comment