രാഷ്ട്രീയം

കോൺ​ഗ്രസ് വി‌ടുമെന്ന സൈബർ പ്രചാരണം; മറുപടിയുമായി ടി എൻ പ്രതാപൻ

തൃശ്ശൂര്‍: കോൺഗ്രസ് വിടുന്ന സൈബർ പ്രചരണങ്ങൾക്ക് മറുപടിയുമായി ടി എൻ പ്രതാപൻ. കോഴി കോട്ടുവായ് ഇടുന്നത് പോലെയുള്ള വ്യാജപ്രചരണങ്ങളും ജല്പനകളും തന്നെ ബാധിക്കില്ലെന്ന് ടി എൻ പ്രതാപൻ ഫേസ്ബുക്കില്‍ കുറിച്ചു. നിഷ്പക്ഷ താല്പര്യങ്ങൾക്ക് വേണ്ടി അപരനെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുന്ന സൈബർ സംസ്കാരം അപലപനീയം ആണെന്ന് പ്രതാപൻ വിമര്‍ശിച്ചു. എന്നും കോൺഗ്രസുകാരനായി തുടരുമെന്നും പ്രതാപൻ നിലപാട് വ്യക്തമാക്കി. 

ടി എൻ പ്രതാപൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ കുറച്ചു നാളുകളായി മനോ വൈകൃതമുള്ള ചില സൈബർ ബുദ്ധികൾ എനിക്കെതിരെ വ്യാജ വാർത്തകൾ പടച്ചു വിടുന്നുണ്ട്. അതിലൊട്ടും പുതുമയില്ല എന്നതാണ് നേര്. കെ.എസ്.യുവിലൂടെ പൊതുജീവിതം തുടങ്ങിയ കാലത്ത് തന്നെ എതിരാളികൾ എനിക്കെതിരെ എന്തെല്ലാം നുണപ്രചരണങ്ങൾ നടത്തിയിരിക്കുന്നു. 

ആക്ഷേപവും അവഹേളനവും തുടങ്ങി എന്തെല്ലാം കണ്ടിരിക്കുന്നു. നിലപാടുകളിൽ ഉറച്ചു നിന്നതിനാൽ, മണ്ണിനും മനുഷ്യനും വേണ്ടി നിലയുറപ്പിച്ചതിനാൽ പൊതുമധ്യത്തിൽ ജാതീയ അധിക്ഷേപങ്ങൾ വരെ നേരിട്ടിട്ടുണ്ട്. സ്‌കൂൾ പാർലമെന്റ് മുതൽ തളിക്കുളം പഞ്ചായത്തും കേരള നിയമസഭയും അടക്കം ഇന്ത്യൻ പാർലമെന്റ് വരെ എന്റെ ജനപ്രതിനിധി ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ആ തെരെഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷവും ആർഎസ്എസും അവർക്കാവും വിധം എന്നെ അധിക്ഷേപിച്ചു പോന്നിട്ടുണ്ട്. അന്നൊന്നും തളർന്നിട്ടില്ല.

കടലിന്റെ മടിത്തട്ടിൽ കടലിന്റെ ഊഷരതയും വെല്ലുവിളികളുമേറ്റ് വളർന്ന ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ് ഞാൻ. കോഴി കോട്ടുവായ് ഇടുന്നതുപോലെയുള്ള വ്യാജപ്രചരണങ്ങളും ജല്പനങ്ങളും എന്നെ ബാധിക്കില്ല. ഓരോരുത്തരും അവരവരുടെ സംസ്കാരം കാണിക്കുന്നു എന്നേ അതേകുറിച്ച് മനസ്സിലാക്കുന്നുള്ളൂ. മാന്യമായ വിയോജിപ്പുകളും രാഷ്ട്രീയ വിമർശനങ്ങളും എന്നും ആദരവോടെ അഭിമുഖീകരിച്ചിട്ടുണ്ട്. 

അത്തരം സംവാദങ്ങൾ നമ്മെ കൂടുതൽ ക്രിയാത്മകവും സർഗ്ഗാത്മകവുമാക്കി മാറ്റുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ മറിച്ചുള്ള അധിക്ഷേപങ്ങൾ നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ ദുർബലപ്പെടുത്തും. നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി അപരനെയും അവന്റെ കൂട്ടുകുടുംബാദികളെയും ആക്ഷേപിക്കുന്ന ഒരു സൈബർ സംസ്കാരം അപലപനീയമാണ്.

സ്‌കൂൾ പാർലമെന്റ് മെമ്പർ മുതൽ ഇന്ത്യൻ പാർലമെൻറ് വരെയും കെ.എസ്.യു സ്‌കൂൾ യൂണിറ്റ് പ്രസിഡന്റ് മുതൽ എ.ഐ.സി.സി സെക്രട്ടറി വരെയും ആയത് കഠിനാധ്വാനത്തിലൂടെയാണ്. പാർട്ടി എന്നിലർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം അങ്ങനെ പരിഗണിക്കുന്നു എന്നതുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. മണ്ണും മനുഷ്യനുമാണ് എന്റെ മതം. കോൺഗ്രസ് ആണ് എന്റെ സമുദായം. അതങ്ങനെ തുടരും....

Leave A Comment