അവിശ്വാസപ്രമേയ ചർച്ചയ്ക്ക് തുടക്കം; ചോദ്യങ്ങളുമായി പ്രതിപക്ഷം, സഭ ശബ്ദമുഖരിതം
ന്യൂഡൽഹി: മണിപ്പുര്‍ വിഷയത്തില്‍ മോദിസര്‍ക്കാരിനെതിരേ ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം. കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കംകുറിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതാണെന്നും മണിപ്പുരിന്റെ നീതിക്ക് വേണ്ടിയാണ് പ്രമേയമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. സംഘർഷാവസ്ഥ തുടരുന്ന മണിപ്പുരിന് നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മൗനം വെടിയുന്നതിനായി ഞങ്ങൾക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. മൂന്ന് ചോദ്യങ്ങളാണ് ഉന്നയിക്കാനുള്ളത്: എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പുർ സന്ദർശിക്കാത്ത്. സംഘർഷം തുടരുന്ന സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു. സംസാരിച്ചതാകട്ടെ വെറും 30 സെക്കൻഡും. എന്തുകൊണ്ടാണ് മണിപ്പുർ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത്, ഗൗരവ് ഗൊഗോയ് ചോദിച്ചു.
തന്റെ ഇരട്ട എഞ്ചിൻ സർക്കാരും മണിപ്പുരിലെ തന്റെ സർക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരുമെന്ന് ഗൊഗോയ് പറഞ്ഞു. തുടർന്നാണ് സംസ്ഥാനത്ത് 150 പേർ മരിച്ചതും 5000-ത്തോളം വീടുകൾ കത്തി നശിച്ചതും. ആറായിരത്തോളം ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിനുവേണ്ടി രാഹുല്‍ ഗാന്ധി ചര്‍ച്ച ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഗൗരവ് ഗൊഗോയ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭരണപക്ഷത്ത് നിന്ന് രാഹുല്‍ എവിടെയെന്ന ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. ഗൊഗോയ് സംസാരിച്ചതിന് ശേഷം ബി.ജെ.പി എം.പി നിഷികാന്ദ് ദുബെയുടെ സംസാരം ആരംഭിച്ചതുതന്നെ രാഹുല്‍ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു. പരിഹാസത്തോടെയുള്ള പരാമർശത്തിനെതിരേ പ്രതിപക്ഷം ശബ്ദമുയർത്തി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വലിയ ബഹളവും വാക്കുതർക്കവുമുണ്ടായി.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20-ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനേത്തുടർന്നാണ് സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രധാനമന്ത്രിയേക്കൊണ്ട് മറുപടി പറയിപ്പിക്കാനുമുള്ള പ്രതിപക്ഷത്തിന്‍റെ നീക്കമുണ്ടായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കാണ് പാര്‍ലമെന്റില്‍ ഇന്ന് തുടക്കം കുറിച്ചത്. 2018-ലായിരുന്നു ആദ്യത്തേത്. 2018-ല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടുകള്‍ക്ക് മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.
Leave A Comment