പ്രധാന വാർത്തകൾ

വന വിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികൾ കാട്ടാന ആക്രമണത്തിൽ മരിച്ചു

ചാലക്കുടി: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസികള്‍ മരിച്ചു. വാഴച്ചാല്‍ കാടര്‍ ഉന്നതിയിലെ അംബിക(30), ആനപ്പാന്തം ഉന്നതിയിലെ സതീഷ്(34)എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചികടവിലാണ് സംഭവം. 

സതീഷിന്റെ മൃതദേഹം പാറപ്പുറത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലും അംബികയുടെ മൃതദേഹം പുഴയിലുമാണ് കണ്ടത്. മരിച്ച അംബികയുടെ ഭര്‍ത്താവ് രവി, ഇവരുടെ ബന്ധു സതീശും ഭാര്യ രമയും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പുഴക്ക് സമീപം പാറപ്പുറത്ത് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. തിങ്കള്‍ രാത്രി ഏഴോടെ നാലംഗ സംഘത്തെ കാട്ടാന ഓടിച്ചതായി പറയുന്നു. തുടര്‍ന്ന് സതീഷ്, അംബിക എന്നിവരെ കാണാതായി. രവിയും രമയുമാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ആന ഓടിക്കുന്നതിനിടെ വീണ് പരിക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം സ്ഥിരീകരിക്കാനാകൂ. പരിക്കേറ്റ രവിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ആദിവാസികളുടെ ജീവന് സംരക്ഷണം നല്കാന്‍ നടപടി സ്വീകരിക്കണമെന്നും കലക്ടറും, ഡിഎഫ്ഒ എന്നിവര്‍ ആശുപത്രിയിലെത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എംപി യുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ഇരുവരും സ്ഥലത്തെത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു.

Leave A Comment