‘അമ്മ’യിൽ തമ്മിലടിയും ചേരിപ്പോരും; ശ്വേതയ്ക്കെതിരേ പടവാളുമായി നടിമാര്‍
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.
സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. 'പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്...രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു.
മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍ ബോഡി യോഗത്തില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും നടിമാര്‍ പറയുന്നു. 'ഇവരുടെ കൈയില്‍ നിന്ന് കണക്കിന്റെ ഒരു പേജ് ലീക് ആയിട്ടുണ്ട്. അതില്‍ 60 ലക്ഷത്തിനു മേലെ കണക്കില്ലാതെ വന്നിട്ടുണ്ട്' എന്ന് ബാബുരാജ് ചൂണ്ടിക്കാട്ടിയ കാര്യം ഇവര്‍ പരാമര്‍ശിച്ചു.
യോഗത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ഭാരവാഹികള്‍ തയാറായില്ലെന്നും മൈക്ക് പോലും നിഷേധിച്ചുവെന്നും ആരോപണമുണ്ട്. 'ബാബുരാജ് സംസാരിക്കാന്‍ സമയം കൊടുക്കുന്നില്ല, പ്രസിഡന്റ് അവിടെ നിന്നിട്ട് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇരിക്കടാ ഇരിക്കടാ അവിടെ എന്ന് പറയുന്നതു പോലെയാണ് പെരുമാറിയത്' എന്നും നടിമാര്‍ വ്യക്തമാക്കി.
സംഘടനയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയില്‍ 15 കോടി രൂപ സ്വീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ അമ്മ സംഘടനയ്ക്കുള്ളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി. ബിജെപി നേതാവ് പത്മജ മേനോന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് മാല പാര്‍വതി സംസാരിച്ചത്.
അന്‍സിബയെ ഒരു മുസ്ലിം നാമധാരി എന്ന നിലയില്‍ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് കേരളത്തില്‍ പുതിയൊരു "കേരള സ്റ്റോറി' സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്. ഇതേത്തുടര്‍ന്ന് തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാലാ പാര്‍വതി വെളിപ്പെടുത്തി.
ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ് ആണെന്ന് അന്‍സിബ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ വരികയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
സംഘടനയുടെ കാര്യങ്ങള്‍ മുന്നോട്ട് പോകാനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വരികയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ലോഞ്ച് ചെയ്ത സഞ്ജീവനി പദ്ധതി മുന്നോട്ടുപോകാൻ വേണ്ടിയായിരുന്നു അന്ന് അഡ്ഹോക് കമ്മിറ്റി വന്നത്.
മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരുന്ന കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി മാറിയത് സാമ്പത്തിക ക്രമക്കേടോ മറ്റ് ആരോപണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്. സംഘടനയ്ക്ക് പുറത്തുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്. അതിനാല്‍ സംഘടനയ്ക്കുള്ളില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ്. ജനറല്‍ ബോഡിയില്‍ അവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് പാസ് ആയില്ല. സാമ്പത്തിക ആരോപണം നേരിടുന്ന കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാന്‍ പറ്റില്ല. ആ കമ്മിറ്റിയിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് സഞ്ജീവനി പദ്ധതി തുടരാനായാണ് എന്ന് അന്‍സിബ പറഞ്ഞു.
മായ വിശ്വനാഥ്, ബാബുരാജ്, സിദ്ദിഖ്, അപ്പ ഹാജ, മജീദ് എന്നിവര്‍ അശ്ലീലം പറഞ്ഞുവെന്ന ശ്വേതയുടെ ഓഡിയോ ക്ലിപ്പിന് ഉഷ ഹസീന മറുപടി നല്കി. ശ്വേത മേനോനെ കേള്‍ക്കാന്‍ സ്ത്രീകള്‍ തയാറായിരുന്നു. യോഗത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ശ്വേത ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തീര്‍ച്ചയായിട്ടും കൂടെ നില്‍ക്കുമെന്നും നീതി എവിടെയാണോ അവിടെ നില്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ നടന്ന കാര്യങ്ങളെ കുറിച്ചൊന്നും അവര്‍ സംസാരിച്ചില്ല.
നേരെ നോക്കിയാല്‍ കീരിയും പാമ്പുമായ എക്സിക്യൂട്ടീവ് ഭാരവാഹി അംഗങ്ങള്‍ സന്തോഷത്തോടെയാണ് ഒരുമിച്ച് വേദിയില്‍ ഇരുന്നത്. സംസാരിച്ചതുമുഴുവനും അവരെക്കുറിച്ചു മാത്രമാണ് എന്നും ഉഷ വ്യക്തമാക്കി.
Leave A Comment