സിനിമ

നിര്‍ബന്ധമായി മാപ്പ് എഴുതി വാങ്ങിച്ചു; അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കും

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ ലക്ഷ്മിപ്രിയക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ലക്ഷ്മിപ്രിയ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വെക്കുകയും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം.

ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടന്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.

Leave A Comment