സെൻസർ നിയമങ്ങളിൽ വൻ മാറ്റം; പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
വിനോദ് മേനോൻ
ന്യൂസ് എഡിറ്റർ, മീഡിയ ടൈം
ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ സെൻസർ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ. 35 വർഷത്തിനുശേഷം കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ (സി.ബി.എഫ്.സി) സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി. 1991 ഡിസംബർ ആറിന് പുറത്തിറക്കിയ പഴയ മാർഗനിർദേശങ്ങൾക്ക് പകരമാണ് പുതിയ ചട്ടക്കൂട് നിലവിൽ വന്നിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗം, പുകവലി, ലൈംഗിക അതിക്രമം, സ്ത്രീകളുടെ അവതരണം, കുട്ടികൾ ഉൾപ്പെടുന്ന രംഗങ്ങൾ, മതപരമായ വികാരങ്ങൾ, സിനിമകളുടെ പേരിടൽ തുടങ്ങി വിവിധ വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങളാണ് പുതിയ മാർഗനിർദേശത്തിലുള്ളത്. ഇതോടെ സിനിമയുടെ പ്രമേയം, സംഭാഷണങ്ങൾ, രംഗങ്ങൾ എന്നിവ ഒരുക്കുമ്പോൾ സംവിധായകരും നിർമാതാക്കളും കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. അതേസമയം സർഗാത്മക സ്വാതന്ത്ര്യവും കലയുടെ തനിമയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ഓർമിപ്പിക്കുന്നുണ്ട്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളുടെ പ്രധാന ലക്ഷ്യം മാറിവരുന്ന സാമൂഹിക മൂല്യങ്ങൾക്കനുസരിച്ച് സിനിമാ സർട്ടിഫിക്കേഷൻ നടപടികൾ കൂടുതൽ കാലോചിതമാക്കുക എന്നതാണ്. ഉത്തരവാദിത്തത്തോടെയുള്ള കഥപറച്ചിലിനൊപ്പം കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്നുണ്ട്. അനാവശ്യമായി സർഗാത്മക ആവിഷ്കാരങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതെ കലാപരമായും ചലച്ചിത്രപരമായും മികവുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പ്രേക്ഷകർക്ക് ആരോഗ്യകരവും മാന്യവുമായ വിനോദം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകിയിട്ടുണ്ട്.
അക്രമത്തിനും കുറ്റകൃത്യങ്ങൾക്കും നിയന്ത്രണം
പുതിയ ചട്ടങ്ങളിൽ അക്രമത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രംഗങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയോ കുറ്റകൃത്യങ്ങളെയോ അക്രമങ്ങളെയോ മഹത്വവത്കരിക്കുന്നതോ ന്യായീകരിക്കുന്നതോ ആയ രംഗങ്ങൾ അനുവദിക്കില്ല. കുറ്റവാളികൾ കുറ്റകൃത്യങ്ങൾ എങ്ങനെയാണ് നടത്തുന്നതെന്ന് പ്രേക്ഷകർക്ക് അതിൽനിന്ന് പ്രചോദനം ലഭിക്കുന്ന രീതിയിൽ വിശദമായി അവതരിപ്പിക്കാനും പാടില്ല.
അനാവശ്യമായ അക്രമം, ക്രൂരത, ഭയാനകമായ രംഗങ്ങൾ എന്നിവയുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കാനോ വിനോദിപ്പിക്കാനോ വേണ്ടി മനുഷ്യരുടെ വേദനയോടും അക്രമത്തോടുമുള്ള സംവേദനക്ഷമത കുറയ്ക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തരുത്.
എന്നാൽ കുറ്റകൃത്യങ്ങളെയോ അക്രമങ്ങളെയോ അസ്വസ്ഥതയുണ്ടാക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളെയോ ആസ്പദമാക്കി സിനിമകൾ നിർമിക്കാൻ വിലക്കില്ല. കഥയുടെ ആവശ്യകത അനുസരിച്ച് ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാം. എന്നാൽ അതിന് വ്യക്തമായ കഥാപരമായ ന്യായീകരണം ഉണ്ടായിരിക്കണം.
കുട്ടികൾ, സ്ത്രീകൾ, മൃഗങ്ങൾ എന്നിവരുടെ അവതരണം
കുട്ടികൾ, സ്ത്രീകൾ, മൃഗങ്ങൾ എന്നിവരെ അവതരിപ്പിക്കുന്ന രംഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ അനാവശ്യമായി അക്രമത്തിന് ഇരയാക്കുന്നതോ കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുന്നതോ നിർബന്ധിതമായി അക്രമരംഗങ്ങൾക്ക് സാക്ഷികളാക്കുന്നതോ ആയ രംഗങ്ങൾ ഒഴിവാക്കണം. കുട്ടികൾക്കെതിരായ പീഡനരംഗങ്ങളിലും പ്രത്യേക ജാഗ്രത വേണം.
മൃഗങ്ങളോടുള്ള അനാവശ്യമായ ക്രൂരതയും ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ളവരെ പരിഹസിക്കുന്നതോ അപമാനിക്കുന്നതോ ആയ രംഗങ്ങളും അനുവദിക്കില്ല.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിന് പുതിയ മാർഗനിർദേശത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നതോ തരംതാഴ്ത്തുന്നതോ ആയ രംഗങ്ങൾ അനുവദിക്കില്ല. ബലാത്സംഗം, ബലാത്സംഗശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ രംഗങ്ങളും പരമാവധി ഒഴിവാക്കണം.
കഥയുടെ ആവശ്യകതകൊണ്ട് ഇത്തരം സംഭവങ്ങൾ അവതരിപ്പിക്കേണ്ടിവന്നാൽ രംഗങ്ങൾ ഹ്രസ്വമായിരിക്കണം. ലൈംഗികാതിക്രമങ്ങളുടെ ഗ്രാഫിക് ദൃശ്യങ്ങളോ അമിതമായ വിശദാംശങ്ങളോ കാണിക്കരുത്. അതുപോലെ മാർഗനിർദേശത്തിൽ പരാമർശിച്ചിട്ടുള്ള വികലമായ ലൈംഗിക പെരുമാറ്റങ്ങളുടെ രംഗങ്ങളും ഒഴിവാക്കണം. കഥയുടെ ഭാഗമായി അത്തരം രംഗങ്ങൾ അനിവാര്യമാണെങ്കിൽ അവ പരിമിതപ്പെടുത്തുകയും അനാവശ്യ വിശദാംശങ്ങൾ ഒഴിവാക്കുകയും വേണം.
മയക്കുമരുന്ന് രംഗങ്ങൾക്ക് മുന്നറിയിപ്പ് നിർബന്ധം
മയക്കുമരുന്നുമായി ബന്ധപ്പെട്ട രംഗങ്ങളുടെ കാര്യത്തിൽ പുതിയ മാർഗനിർദേശത്തിൽ ശ്രദ്ധേയമായ വ്യവസ്ഥയുണ്ട്. ഒരു സിനിമയിൽ മയക്കുമരുന്നുകളുടെയോ മനഃപ്രവർത്തനത്തെ ബാധിക്കുന്ന ലഹരിപദാർഥങ്ങളുടെയോ ഉപയോഗം, ഉപഭോഗം, കടത്ത് എന്നിവ പരാമർശിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും നിയമാനുസൃത മുന്നറിയിപ്പ് നൽകണം.
മുന്നറിയിപ്പിൽ പറയേണ്ട സന്ദേശം:
"അനധികൃത ലഹരിവസ്തുക്കൾ ആരോഗ്യത്തെ നശിപ്പിക്കുകയും തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യും. ലഹരിയോട് നോ പറയുക."
മുന്നറിയിപ്പ് നൽകിയാൽ മാത്രം മതിയാകില്ല. മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ ആകർഷകമായി അവതരിപ്പിക്കുന്നതോ ആയ രംഗങ്ങളും അനുവദിക്കില്ല.
മദ്യപാനത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും കാര്യത്തിലും സി.ബി.എഫ്.സി സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മദ്യപാനത്തെ മഹത്വവത്കരിക്കുന്നതോ പുകവലിയെയും പുകയില ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നതോ ആയ രംഗങ്ങൾ അനുവദിക്കില്ല. എന്നാൽ സിനിമയിൽ ഇത്തരം വിഷയങ്ങൾ പരാമർശിക്കുന്നതിന് പൂർണ വിലക്കില്ല. ഇവയെ അനുകരണീയമോ പോസിറ്റീവായോ അവതരിപ്പിക്കുന്നതിനാണ് നിയന്ത്രണം.
സംഭാഷണങ്ങളിലും ഗാനങ്ങളിലും ജാഗ്രത
സംഭാഷണങ്ങൾ, ഗാനരചന, ഹാസ്യരംഗങ്ങൾ എന്നിവയിലും സിനിമാ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. അശ്ലീലതയും നിലവാരമില്ലാത്ത ഉള്ളടക്കവും പൊതുസമൂഹത്തിന്റെ സ്വാഭാവികമായ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്ന അവതരണങ്ങളും ഒഴിവാക്കണം.
ഇരട്ട അർഥമുള്ള വാക്കുകളും സംഭാഷണങ്ങളും പ്രേക്ഷകരുടെ താഴ്ന്ന അഭിരുചികളെ ഉത്തേജിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇതോടെ സംഭാഷണരചനയ്ക്കൊപ്പം ഗാനങ്ങളും ഹാസ്യരംഗങ്ങളും ഒരുക്കുന്നതിലും പുതിയ മാർഗനിർദേശങ്ങൾ സ്വാധീനം ചെലുത്തും.
മതം, ജാതി, ദേശീയ സുരക്ഷ
മതം, ജാതി, സമുദായം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. ഏതെങ്കിലും ജാതിയെയോ മതത്തെയോ സമുദായത്തെയോ അപമാനിക്കുന്നതോ അവർക്കെതിരെ വിദ്വേഷം വളർത്തുന്നതോ ആയ രംഗങ്ങളും സംഭാഷണങ്ങളും അനുവദിക്കില്ല.
വർഗീയത, അന്ധവിശ്വാസം, അശാസ്ത്രീയ ചിന്തകൾ, രാജ്യവിരുദ്ധ മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഒഴിവാക്കണം.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകർക്കുന്നതോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ അവതരണങ്ങൾക്കും അനുമതിയുണ്ടാകില്ല.
വ്യക്തികളെയോ സംഘടനകളെയോ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങളും കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന രംഗങ്ങളും അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നതോ കോടതി നടപടികൾ അവഗണിക്കാൻ പ്രേരിപ്പിക്കുന്നതോ ആയ അവതരണങ്ങളും നിയന്ത്രണവിധേയമാണ്.
ദേശീയ ചിഹ്നങ്ങളും ഔദ്യോഗിക ചിഹ്നങ്ങളും ഉപയോഗിക്കുമ്പോൾ 1950-ലെ ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും അനുചിതമായ ഉപയോഗം തടയുന്നതിനുള്ള നിയമം പാലിക്കണമെന്നും നിർദേശമുണ്ട്.
പ്രായപരിധി അനുസരിച്ചുള്ള സർട്ടിഫിക്കേഷൻ
സിനിമകളുടെ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കേഷൻ സംവിധാനത്തിലും നിലവിലുള്ള വിഭാഗങ്ങൾ തുടരും. യു/എ 7+, യു/എ 13+, യു/എ 16+ എന്നീ മൂന്ന് വിഭാഗങ്ങൾ നിലനിർത്തിയിട്ടുണ്ട്.
അതായത് ഏഴ്, പതിമൂന്ന്, പതിനാറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കും അനുയോജ്യമായ സിനിമകളാണെങ്കിലും അതിൽ കുറഞ്ഞ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ മാർഗനിർദേശം ആവശ്യമായി വരും. അതനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റ് നൽകുക.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവർക്ക് അനുയോജ്യമല്ലാത്ത സിനിമകൾക്ക് മുതിർന്നവർക്ക് മാത്രമുള്ള പ്രദർശനാനുമതിയായിരിക്കും നൽകുക.
അതേസമയം എല്ലാവർക്കും കാണാവുന്ന യു വിഭാഗം സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമകൾ കുടുംബസമേതം കാണാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കണം. കുടുംബത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചിരുന്ന് കാണാൻ കഴിയുമോ എന്നതും പരിഗണിക്കും. ചില പ്രത്യേക തൊഴിൽവിഭാഗങ്ങൾക്കോ പ്രത്യേക പ്രേക്ഷകവിഭാഗങ്ങൾക്കോ മാത്രം അനുയോജ്യമായ ഉള്ളടക്കമുള്ള സിനിമകളെ ആ വിഭാഗങ്ങളിൽ പരിമിതപ്പെടുത്താനും വ്യവസ്ഥയുണ്ട്.
സിനിമയെ വിലയിരുത്തുക സമഗ്രമായി
പുതിയ മാർഗനിർദേശത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ, ഏതാനും ഒറ്റപ്പെട്ട രംഗങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സിനിമയെ വിലയിരുത്തരുത് എന്നതാണ്. സിനിമയുടെ മൊത്തത്തിലുള്ള കഥയും അതിന്റെ സമഗ്രമായ സ്വാധീനവും സംവിധായകന്റെ ഉദ്ദേശ്യവും പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്.
സിനിമയിൽ അവതരിപ്പിക്കുന്ന കാലഘട്ടത്തിലെ സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങൾക്കൊപ്പം നിലവിലെ സമൂഹത്തിന്റെ മൂല്യങ്ങളും പരിഗണിക്കണം. പ്രത്യേകിച്ച് ചരിത്രസിനിമകൾ, കാലഘട്ട സിനിമകൾ, വ്യത്യസ്ത സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രങ്ങൾ എന്നിവയിൽ ഈ വ്യവസ്ഥയ്ക്ക് പ്രാധാന്യമുണ്ട്.
അതായത് ഒരു രംഗത്തെ മാത്രം വേർതിരിച്ച് വിലയിരുത്താതെ അത് സിനിമയുടെ സമഗ്രമായ കഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാനുള്ള അവസരമുണ്ടാകും. എന്നാൽ സിനിമയുടെ മൊത്തത്തിലുള്ള അവതരണം പ്രേക്ഷകരുടെ ധാർമികബോധത്തെ തകർക്കുന്ന രീതിയിലാകരുതെന്ന വ്യവസ്ഥയും നിലനിൽക്കുന്നു.
സിനിമയുടെ പേരിനും ഇനി പരിശോധന
സിനിമയിലെ രംഗങ്ങൾ, സംഭാഷണങ്ങൾ, തിരക്കഥ എന്നിവ മാത്രമല്ല, സിനിമയുടെ പേരും ഇനി പരിശോധനയ്ക്ക് വിധേയമാകും.
ഒരു സിനിമയുടെ പേര് പ്രകോപനപരമോ അശ്ലീലമോ അപകീർത്തികരമോ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമോ ആണെന്ന് ബോർഡിന് തോന്നിയാൽ പരിശോധിക്കും. അതിനാൽ സിനിമകൾക്ക് പേരിടുമ്പോഴും നിർമാതാക്കൾ നിശ്ചിത സാമൂഹികവും ധാർമികവുമായ മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടിവരും.
സിനിമയുടെ സർഗാത്മക സ്വാതന്ത്ര്യം എത്രത്തോളം?
പുതിയ മാർഗനിർദേശങ്ങൾ ഇന്ത്യൻ സിനിമാ നിർമാണരംഗത്ത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മയക്കുമരുന്ന്, ലൈംഗികാതിക്രമം, സ്ത്രീകളുടെയും കുട്ടികളുടെയും അവതരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം സിനിമയുടെ സമഗ്രമായ പശ്ചാത്തലം പരിഗണിക്കണമെന്ന നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ സാമൂഹികമായി സെൻസിറ്റീവായതോ വിവാദപരമായതോ ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധായകർക്ക് ഈ വ്യവസ്ഥയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു രംഗത്തിന്റെ ആവശ്യകത വിലയിരുത്തുമ്പോൾ സിനിമയുടെ മൊത്തത്തിലുള്ള കഥാപശ്ചാത്തലം പരിഗണിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
എന്നാൽ പുതിയ മാർഗനിർദേശങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അവയുടെ യഥാർഥ സ്വാധീനം വ്യക്തമാകുക. കലയുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
എന്നാൽ ഈ സന്തുലിതാവസ്ഥ പ്രായോഗികമായി എത്രത്തോളം പാലിക്കപ്പെടും എന്നതാണ് ഇനി അറിയേണ്ടത്. കാരണം സിനിമ കേവലം വിനോദോപാധി മാത്രമല്ല. സമൂഹത്തിലെ അസ്വസ്ഥതകളും കുറ്റകൃത്യങ്ങളും അസമത്വങ്ങളും വിവാദപരമായ യാഥാർഥ്യങ്ങളും തുറന്നുകാട്ടുന്ന ശക്തമായ കലാമാധ്യമം കൂടിയാണ്.
പുതിയ നിയമങ്ങൾക്കിടയിൽ അത്തരം യാഥാർഥ്യങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയ്ക്ക് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം വരുംകാല സിനിമകൾ നൽകും.
Leave A Comment