കണ്ണൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി; വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ
കണ്ണൂര്‍: കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാലോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് വമ്പന്‍ സ്വീകരണമാണ് ഇടത് പ്രവർത്തകർ നൽകിയത്.
വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലേക്കെത്തുന്നത്. വരും ദിവസങ്ങളിൽ പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം.
തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ധർമ്മടത്ത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുക.
കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് വി.പി. അബ്ദുൾ റഷീദ്. തളിപ്പറമ്പിലായിരുന്നു അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിപിഎം വിട്ട ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അബ്ദുൾ റഷീദിനെ ധർമ്മടത്തേക്ക് തെരഞ്ഞെടുത്തത്.
Leave A Comment