വാല്‍ക്കണ്ണാടി

സമ്പാളൂർ ചരിത്രത്തിന്‍റെ ഗ്രാമം

വാൽക്കണ്ണാടി  

പൊയ്‌പ്പോയ  ഒരു കാലത്തിന്റെ തിരു ശേഷിപ്പുകൾ ഇപ്പോഴും ഈ മണ്ണിലുണ്ട്. സമ്പാളൂർ അതിലഭിമാനിക്കുന്നു. ചാലക്കുടിപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സമ്പാളൂർ ചരിത്ര പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ്. ഇവിടെ ആത്മീയ വിശുദ്ധി ഭക്തി നിർഭരമായി വഴിഞ്ഞൊഴുകുന്നു .

 തൃശൂർ ജില്ലയിലെ ആദ്യത്തെ അച്ചടിശാല 

നൂറ്റാണ്ടുകൾക്കു മുൻപ് സമ്പാളൂർ പണ്ഡിത ശ്രേഷ്ഠന്മാരായാ വിദേശ മിഷണറിമാരുടെ  സാന്നിധ്യം കൊണ്ടും പ്രേഷിത പ്രചാരണത്താലും പുണ്യ പൂരിതമായ ആദ്ധ്യാത്മിക സിരാ കേന്ദ്രമായിരുന്നു. ചരിത്രത്തിന്റെ ആ സ്പന്ദനങ്ങൾ ഈ ഗ്രാമ മണ്ണിലൂടെ  നടക്കുമ്പോൾ ഇപ്പോഴും നമുക്ക് കേൾക്കാം. തൃശൂർ ജില്ലയിലെ ആദ്യത്തെ അച്ചടിശാല സമ്പാളൂരിലാണ് സ്ഥാപിച്ചത്. ഏറ്റവും അധികം ആംഗ്ലോ ഇന്ത്യൻ വംശജർ ഇവിടുത്തെ ഇടവകയിലാണ്. സ്ഥലനാമം വന്നതിങ്ങനെയാണ്. ഈശോ സഭക്കാരെ സെയ്ന്റ് പോളിന്റെ വൈദികരെന്നും വാസ സ്ഥലത്തെ സെയ്ന്റ് പോളൂർ എന്നും വിളിച്ചു പോന്നിരുന്നു. സെയ്ന്റ്  പോളൂർ പിന്നീട് സമ്പാളൂരായി പരിണമിച്ചു. ഇവിടുത്തെ സെയ്ന്റ് സേവിയേഴ്‌സ് ദേവാലയം ആ ഭൂതകാല സന്തതയുടെ നിത്യ സാക്ഷ്യമാണ്. 



കേരളത്തിൽ അച്ചടി ശാലകളുടെ ജനയിതാക്കൾ ഈശോ സഭക്കാരായ ജെസ്യൂട്ട് പാതിരിമാരാണ്. സമ്പാളൂർ, കൊച്ചി, വൈപ്പിൻ കോട്ട എന്നിവിടങ്ങളിൽ ഈ പാതിരിമാർ 1579 നും 1600 നുമിടയിൽ  സെമിനാരിയും അച്ചു കൂടവും സ്ഥാപിച്ചു. സമ്പാളൂരിലെ സെയ്ന്റ് പോൾസ് വൈദിക പഠന കേന്ദ്രവും മുദ്രണാലയവും വിദേശ മിഷണറിമാരുടെ സമർപ്പണ സംഗമ സ്ഥാനമായിരുന്നു. തമിഴ് ലിപിയിൽ നിരവധി സുവിശേഷ സ്വാകരണ ഗ്രന്ഥങ്ങളും നിഘണ്ടുക്കളും സമ്പാളൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. റോബർട്ട്  നോബിലിയുടെ ദൈവശാസ്ത്രം, ഫാദർ ഡിക്കോസ്റ്റയുടെ വ്യാകരണം, ഫാദർ പ്രിൻസയുടെ തമിഴ് നിഘണ്ടു തുടങ്ങിയ ഇതിൽ ശ്രദ്ധേയമാണ്.

സമ്പാളൂർ ഒരു പ്രമുഖ തീർഥാടന കേന്ദ്രമായി മാറി
ഗ്‌നേഷ്യസ് മലയാള ലിപി കൊത്തി വച്ചതും ഇവിടെ വച്ചായിരുന്നു. പണ്ഡിതവര്യന്മാരായ റോബർട്ട് ഡി നോബിലി, കോൺസ്റ്റൺബോഗുസേപ്പ ബിസ്‌കി, ബ്രന്തോളിനി ബർണാഡ് ബിജോസ് പിങ്, സ്റ്റിഫൻ ജോസഫ് ബ്രീജർ, ജേക്കബ് ഹോസ്‌ബർ, ആന്ത്രഫ്രയ തുടങ്ങിയവരെല്ലാം സമ്പാളൂരിലെ വൈദിക പഠന കേന്ദ്രത്തിൽ വിദേശ മിഷണറിമാരായ ഗുരുനാഥന്മാരായിരുന്നു. ഇവരുടെ സാഹിത്യം പഠനങ്ങൾക്കും ആത്മീയ ഉപദേശങ്ങൾക്കും സമ്പാളൂർ ഉറവിടമായിത്തീർന്നു. ഭാഷാ സാഹിത്യത്തിൻറെ പ്രണേതാവും  യൂറോപ്പിൻ  മിഷണറിമാരുടെ വഴികാട്ടിയുമായിരുന്ന അർണോസ് പാതിരി 1702 -ൽ ഈ സെമിനാരിയിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. വിശുദ്ധരായ ഫ്രാൻസിസ്, സേവിയർ, ജോൺ  ബ്രിട്ടോ എന്നിവർ സമ്പാളൂരിലെ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ 1542 ,1544 ,1548  എന്നീ വർഷങ്ങളിലായി നാൽപ്പത് ദിവസത്തോളം ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ആക്രമിച്ച മരവപ്പടയെ 
ദൈവിക  ശക്തി  കൊണ്ട് വിശുദ്ധ ഫ്രാൻസിസ് സേവിയർ തിരിച്ചോടിച്ചുവെന്നും തിരുവിതാംകൂർ രാജാവായിരുന്ന ഉണ്ണി കേരളവർമ്മ ഈ വിശുദ്ധനെ അഭിനന്ദിക്കുകയും ചെയ്തതായി പറയപ്പെടുന്നു. 


ഫ്രാൻസിസ് സേവിയറുടെ തിരുശേഷിപ്പ് ഇപ്പോഴത്തെ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഡച്ചുകാരുടെ ആഗമനത്തോടെ 1773 -ൽ ജെസ്യൂട്ട് സഭ നിർത്തലാക്കിയപ്പോൾ സെമിനാരിയും മുദ്രണാലയവുമെല്ലാം ഷർമ്മലീത്ത സഭാധികാരികൾ ക്കായിത്തീർന്നു. എന്നാൽ ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് 1789 -ൽ ഇതെല്ലം അഗ്നിക്കിരയാവുകയും ചെയ്തു. ജോൺ ബ്രിട്ടോ ബലിയർപ്പിച്ചിരുന്ന അൾത്താരയുടെ ചെറിയ ഒരു ഭാഗം അവശേഷിച്ചു. ഇവിടെ 1862 -ൽ പുനർ നിർമ്മിച്ചതാണ് ഇന്ന് കാണുന്ന സെയ്ന്റ് സേവിയേഴ്‌സ് ലത്തീൻ പള്ളി. മേളന്തറ മെത്രാ പോലീത്തയുടെ നിർദേശ പ്രകാരം 1979 -ൽ പുനരുദ്ധരിക്കുകയും ചെയ്തു. ഒരു പ്രമുഖ തീർഥാടന കേന്ദ്രമായി മാറിയതിനെ തുടർന്ന് 2016 -ൽ ദേവാലയം വീണ്ടും പുതുക്കി നിർമ്മിച്ചു.

വിശുദ്ധ സ്റ്റനിസ്ലാവോസ്‌ കോസ്ക്കയുടെ നാമധേയമുള്ള ഏഷ്യയിലെ ഏക ദേവാലയം 

മാളയിലുണ്ടായിരുന്ന  സുറിയാനി നസ്രാണികൾ അക്കാലത്ത് അമ്പഴക്കാട് ഇടവകക്കാരായിരുന്നെങ്കിലും ഈശോ സഭാ വൈദികരുടെ  കുർബാനയിൽ പങ്കു കൊള്ളുമായിരുന്നു. ഈ വൈദികരുടെ  പ്രചോദനത്തിൽ വിശുദ്ധ സ്‌റ്റനിസ്ലാവോസ് ഷോസ്ക്കയോടുള്ള ഭക്തിയും പ്രാർഥനയും ഇവിടങ്ങളിൽ പ്രചരിച്ചു. വിശുദ്ധന്റെ ഒരു രൂപം പോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുവാനുള്ള നടപടികളും സമ്പാളൂരിൽ നിന്നും ആരംഭിച്ചിരുന്നു. മാളയിൽ ഒരു പുതിയ ഇടവകയും ദേവാലയവും രൂപം കൊള്ളുന്ന കാലത്ത് ഈ വിശുദ്ധനെ മദ്ധ്യസ്ഥനായി പ്രതിഷ്ഠിക്കണമെന്ന് സമ്പാളൂർ വൈദികർ മാളക്കാരെ  ഉദ്ബോധിപ്പിച്ചിരുന്നു.



വിശുദ്ധ സ്‌റ്റനിസ്ലാവോസ് ഷോസ്ക്കയുടെ രൂപം ടിപ്പുവിന്റെ ആക്രമണ ശേഷമാണ് അമ്പഴക്കാട് പള്ളിയിൽ എത്തുന്നത്. മാളക്കാരുടെയും സമ്പാളൂരിലെ പഴയ അലിയാരികളുടെയും താല്പര്യപ്രകാരം പ്രസ്തുത രൂപം മാളയിലെ ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചു. ഇത് ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിലാണ്. അങ്ങനെയാണ് വിശുദ്ധ സ്റ്റനിസ്ലാവോസ്‌ കോസ്ക്കയുടെ നാമധേയമുള്ള ഏഷ്യയിലെ ഏക ദേവാലയം മാളയിൽ സ്ഥാപിതമാകുന്നത്. സമ്പാളൂർ എന്ന ചരിത്ര ഭൂമിയുടെ സാക്ഷാൽക്കാരത്തിന് മാളയും സാക്ഷ്യമായി തീർന്നിരുന്നു. 

കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പക്ഷക്കാരായിരുന്ന ഈശോ സഭക്കാർ വാസയോഗ്യമായ  ഒരു സ്ഥലം കണ്ടെത്തുവാൻ അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന ഫ്രാൻസിസ് ബ്രിട്ടോ പുരോഹിതൻ, ജോൺ ഡി മായ എന്ന വൈദികനെ ചുമതലപ്പെടുത്തി. ഇതേ തുടർന്ന് മാളക്കു സമീപത്തുള്ള അമ്പഴക്കാട് സ്ഥലം അനുവദിക്കപ്പെട്ടു. എന്നാൽ 1663 ജനുവരി ഏഴാം തിയതി കൊച്ചി രാജ്യം ഡച്ചുകാർക്ക്  കീഴടങ്ങി. പിന്നീട് ഈശോ സഭയുടെ പുതിയ റെക്‌ടറായി ഫാദർ ആന്റണി ലച്ചാഡോ ചാർജ്ജെടുത്തതിന് ശേഷമാണ് അമ്പഴക്കാട് അവർക്ക് സ്ഥിരമായി താമസിക്കാൻ കഴിഞ്ഞത്. സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ശ്രേഷ്ഠൻ പറമ്പി ചാണ്ടി മെത്രാൻ ഈശോ സഭക്കാരോട് താല്പര്യവും അനുകമ്പയും പുലർത്തിയിരുന്നതിനാൽ അവരുടെ തുടർ പ്രവർത്തനങ്ങൾ സുഗമമായി.

തയ്യാറാക്കിയത് - സുരേഷ് അന്നമനട 

Leave A Comment