പൗരാണിക പ്രൗഡിയോടെ ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം
വാൽക്കണ്ണാടി
തൃശൂർ ജില്ലയിൽ മാളക്കടുത്ത് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം പൗരാണിക പ്രൗഡിയുടെ പരിവേഷം പകരുന്ന പുണ്യ സങ്കേതമാണ്. ഈ ക്ഷേത്രം സമാനതകളില്ലാത്ത സവിശേഷതകളുടെയും സർവ്വൈശ്വര്യങ്ങളുടെയും സാക്ഷ്യമായ സംഗമ സ്ഥാനമായി സ്ഥിതി ചെയ്യുന്നു. പുരാതന പ്രാധാന്യവും ചരിത്ര പ്രസിദ്ധവുമായ ആലത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമ ചൈതന്യത്തിന്റെ വിശ്വരൂപിയായ മഹാവിഷ്ണുവാണ്. ഇവിടുത്തെ സാക്ഷാൽ ഹനുമാൻ സന്നിധി ക്ഷേത്ര മാഹാത്മ്യത്തിന് മാറ്റു കൂട്ടുന്നു. ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം ഭക്തി സാന്ദ്രമായ അലൗകിക അന്തരീക്ഷത്തിൽ അഭൗമ തേജസ്സറിയിക്കുന്നു.
മുവ്വായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ മൂല പ്രതിഷ്ഠ
ആലത്തൂരിൽ പണ്ടുകാലത്ത് ഋഷിവര്യന്മാർ തപസ്സ് അനുഷ്ഠിച്ചും യാഗാദി കർമ്മങ്ങൾ നടത്തിയും അധിവസിച്ചിരുന്നു. ഈ പുണ്യ ഭൂമിയിൽ വച്ച് ദിവ്യനായിരുന്ന ഒരു യോഗീശ്വരന് ശ്രീരാമ ദർശനം ലഭിക്കുകയും തൻ്റെ ചൈതന്യം ഈ ദേശത്ത് സദാ ഉണ്ടാകുമെന്നും അരുളി ചെയ്തു. അനേകം പുണ്യ തീർഥങ്ങൾ അന്തർലീനമായി സംഗമിക്കുന്ന ഒരു ജലാശയം ഇവിടെ ഉണ്ട്. ഈ പുണ്യ തീർത്ഥക്കരയിൽ മുവ്വായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ മൂല പ്രതിഷ്ഠ നടന്നുവെന്ന് കരുതുന്നു. ബ്രാഹ്മണരുടെ ആഗമനത്തോടെയാണ് ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം ഉണ്ടാകുന്നത്.

ഒരിക്കൽ കേരളത്തിലെ പത്ത് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ആലത്തൂർ. ശ്രീകോവിലിന്റെ നിർമ്മാണം വിജയനഗര ശൈലിയാണ്. ടിപ്പുസുൽത്താന്റെ പടയോട്ടം ആലത്തൂരിന് ആഘാതം സൃഷ്ടിച്ചു. ഈ ക്ഷേത്രം ഏതാണ്ട് നശിപ്പിക്കുകയും ജനങ്ങൾ ഇവിടെ നിന്നും പലായനം ചെയ്യുകയും ഒരു പാട് പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. തിരുവിതാംകൂർ, കൊച്ചി രാജ കുടുംബങ്ങളും അതിനുമുൻപ് പെരുമാക്കന്മാർ ഉൾപ്പെടെയുള്ള പല രാജവംശങ്ങളുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ടായിരുന്നതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പല ഭരണാധികാരികളുടെയും പണ്ഡിത ശ്രേഷ്ഠന്മാരുടെയും പതിവു ദർശന കേന്ദ്രമായി ഈ ക്ഷേത്രം നിലകൊണ്ടിരുന്നു.
ആലത്തൂർ കല്പിക്കും; തിരുമൂഴിക്കുളം നടപ്പാക്കും
രാജാക്കന്മാർ താമസിച്ച തീർത്ഥ കൊട്ടാരം ഇപ്പോൾ കൊട്ടാരം പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു. സാമൂതിരിയിൽ നിന്നും അഡൂർ ഗ്രാം തിരുവിതാം കൂറിന്റെ സഹായത്തോടെ കൊച്ചി പിടിച്ചെടുക്കുന്നതു വരെ ആലത്തൂരായിരുന്നു അധികാര കേന്ദ്രം. ആലത്തൂരിലാണ് തോലൻ എന്ന മഹാകവി ജീവിച്ചിരുന്നത്. ഈ ക്ഷേത്രത്തിനോട് ചേർന്ന് വലിയൊരു കൂത്തമ്പലമുണ്ടായിരുന്നതായും കരുതപ്പെടുന്നു. ക്ഷേത്രത്തിന് അധികം ദൂരത്തല്ലാതെ ഒരു നങ്യാർ കുളവുമുണ്ട്. ആലത്തൂർ കല്പിക്കും. തിരുമൂഴിക്കുളം നടപ്പാക്കും. എന്നൊരു ചൊല്ലും മൂഴിക്കുളം കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമ ഭാവത്തിലുള്ള ആലത്തൂരപ്പനും ലക്ഷ്മണപ്പെരുമാളും തമ്മിലുള്ള സഹോദര ബന്ധം ഈ ചൊല്ല് വെളിവാക്കുന്നു.

ഇടതും വലതും ദേവീ ക്ഷേത്രങ്ങളും നാല് കോണുകളിലായി ശിവ ക്ഷേത്രങ്ങളും ചുറ്റോടു ചുറ്റും അനവധി ക്ഷേത്രങ്ങളുടെ നടുക്കായി ശൈവവൈഷ്ണവശാക്തേയ സാന്നിധ്യം സമന്വയിക്കുന്ന സാക്ഷാൽ വൈകുണ്ഡ മൂർത്തിയായി ആലത്തൂരപ്പൻ കുടി കൊള്ളുന്നു. ആലത്തൂർ അമ്പലപ്പറമ്പിന് നാല് ഏക്കറോളം വിസ്താരമുണ്ടായിരുന്നു. ആനപ്പിള്ള മതിലും വലിയ ഗോപുരവും വിശാലമായ ഊട്ടുപുരകളും ബലിക്കൽ പുരയുമെല്ലാം ഉണ്ടായിരുന്നു. കരിങ്കല്ലിൽ നിർമ്മിച്ച ഭീമാകാരമായ വട്ട ശ്രീകോവിലിന്റെ ചുമരുകളിൽ ശിലാ ശില്പങ്ങളും ദ്വാരക പാലക പ്രതിമകളും പുരാതന മാനങ്ങളനുസരിച്ച് പണിത മുഖ മണ്ഡപവും ക്ഷേത്രത്തിന്റെ ഗതകാല പ്രൗഡി വിളിച്ചോതുന്നു.
സോപാനത്തിലും മണ്ഡപത്തിലുമുള്ള കല്ലുകളിൽ കൊത്തിയ ലിഖിതങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രാചീനതക്കൊപ്പം ചരിത്രത്തിലേക്കും വിരൽ ചൂണ്ടുന്നു. ഒരു കാലത്ത് വയലുകളാൽ ചുറ്റപ്പെട്ട കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ ക്ഷേത്രത്തിലെ കിണർ ഏതു കൊടും വേനലിലും ജലസമൃദ്ധമാണ്. ഉത്സവങ്ങൾ അപൂർവ്വമായ കാലത്ത് ഈ ക്ഷേത്രത്തിൽ അതി ഗംഭീരമായി ഉത്സവാഘോഷവും നടന്നിരുന്നു. വിശ്വരൂപം കൈക്കൊണ്ടു പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണുവിന് അഭിമുഖമായ മണ്ഡപത്തിന്റെ തെക്കു പടിഞ്ഞാറു തൂണിലാണ് ഹനുമദ്സ്വാമിയുടെ സാന്നിധ്യം.
ആലത്തൂർ ക്ഷേത്രത്തിലെ അതിവിശിഷ്ടമായ പ്രതിഷ്‌ഠകൾ
ആലത്തൂരേ ഹനുമാനേ
പേടിസ്വപ്നം കാണിക്കല്ലേ
പേടിസ്വപ്നം കണ്ടാലോ
തിരുവാലു കൊണ്ടു തട്ടിയുണർത്തണമേ
ഉറങ്ങാൻ കിടക്കുന്ന കുട്ടികൾക്ക് അമ്മമാർ ഇന്നും പറഞ്ഞു കൊടുക്കുന്ന ഒരു കീർത്തനമാണിത്. കുട്ടികളുടെ ശിരോഭാഗത്ത് ഹനുമദ് സാന്നിധ്യമുണ്ടാകുമെന്ന് പഴമക്കാർ വിശ്വസിച്ചു പോരുന്നു. കുഞ്ഞുങ്ങൾ കാണുന്ന പേടിസ്വപ്നം മുതൽ മനുഷ്യ ജീവിതത്തിൽ നേരിടുന്ന രോഗങ്ങളെയും ദാരിദ്ര്യം, മനഃക്ലേശം, തുടങ്ങി സർവ്വ ദോഷങ്ങളെയും അകറ്റി സദ്ബുദ്ധിയും ആയുരാരോഗ്യ സൗഖ്യവും നേടുവാൻ ഹനുമദ് സേവകൊണ്ട് സാധിക്കുന്നു. ഹനുമദ് ഭക്തരെ ഒരിക്കലും ശനി ബാധിക്കുകയില്ലത്രേ.

ആഞ്ജനേയ സന്നിധിയിൽ സംഗീതാർച്ചന നടത്തുന്നത് ദൃശ്യമായ ചൈതന്യത്തെ കൂടുതൽ സമ്പുഷ്ടമാക്കുന്നു. അതിവിശിഷ്ടമായ മംഗള ഗണപതിയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്‌ഠ. സർവ്വ വിഘ്ന നാശകനായ ഗണപതിക്ക് അതിവിശിഷ്ടമായ മംഗല്യ പൂജ പ്രധാന വഴിപാടായി നടത്തുന്നു. മംഗല്യ സൗഭാഗ്യത്തിനും നെടും മംഗല്യത്തിനും ഈ വഴിപാട് അതിവിശേഷമത്രെ. പ്രഭാസത്വസമേതനായ ശ്രീധർമ്മ ശാസ്താവ് ശനിദോഷങ്ങളകറ്റി ഭക്തർക്ക് മനഃശാന്തി നൽകി ഇവിടെ അധിവസിക്കുന്നു. ശനിയാഴ്ചകളിൽ എള്ളുതിരി വക്കുന്നതും അട നിവേദിക്കുന്നതും വളരെ പ്രധാനമാണ്.

ആലത്തൂർ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന സവിശേഷതയാണ് ശ്രീസുദർശനമൂർത്തി പ്രതിഷ്‌ഠ. ഏറെക്കാലം ശ്രീകോവിലിൽ തന്നെ പ്രതിഷ്ഠിച്ചിരുന്ന സുദർശന മൂർത്തിക്ക് പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായി ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശത്രു ദോഷ നിവാരണത്തിന് സുദർശന ഹോമവും കടും പായസവും ശ്രീസുദർശന പുഷ്പ്പാഞ്ജലിയും ക്ഷിപ്ര ഫലദായകമാണ്. അദൃശ്യ രൂപത്തിൽ ഗരുഢ സാന്നിധ്യവും ആദിശേഷ സാന്നിധ്യവും ക്ഷേത്രത്തിലെ മണ്ഡപത്തിലും പടിഞ്ഞാറേ നടയിലുമായി കുടി കൊള്ളുന്നു.
ഭൂമിയിലെ വൈകുണ്ഠമായി സങ്കല്പിക്കപ്പെടുന്നു
കാലത്തിന്റെ കുത്തൊഴുക്കിൽ ഈ മഹാക്ഷേത്രത്തിന്റെ ഭൗതീക ഘടന അത്യന്തം ജീർണ്ണാവസ്ഥയിലായിരുന്നു. ഒപ്പം കലി കാലത്തിൽ മനുഷ്യ മനസുകളിൽ നിറഞ്ഞ അധികാര മോഹങ്ങളും മാനുഷിക വൈര്യങ്ങളും ക്ഷേത്രത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി. പ്രപഞ്ച പരിപാലകനായ മഹാ വിഷ്ണുവിന്റെയും ഹനുമാന്റെയും മറ്റും അനുഗ്രഹം കൊണ്ടാണ് ഈ ക്ഷേത്രം പൂർണ്ണമായും തകർന്നടിയാത്തത്. ആലത്തൂർ ക്ഷേത്രത്തിൽ ദേവന്മാർ പോലും നിത്യവും വന്നു ആരാധിക്കുന്നതായി വിശ്വസിക്കുന്നു.

ഈ ക്ഷേത്രം മുന്നൂറ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച തകർച്ചയിൽ നിന്നും അതിന്റെ സർവ്വ ഗംഭീരത്തോടെയും ഉയർത്തെഴുന്നേൽക്കുകയാണ്. പുരാതന കാലം മുതൽ ഭൂമിയിലെ വൈകുണ്ഠമായി സങ്കല്പിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ ദർശനത്തിലൂടെ വരും തലമുറകൾക്കും സർവ്വ അനുഗ്രഹങ്ങളും ലഭിക്കുന്നു. എല്ലാ മാസവും തിരുവോണ പൂജയും പ്രസാദ ഊട്ടും നടത്തുന്നുണ്ട്. മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഗണപതി പൂജയുമുണ്ട്. തുലാം മാസത്തിലെ കറുത്ത വാവും തിരുവോണവും ഏറെ പ്രാധാന്യമർഹിക്കുന്നു.
അഷ്ടമിരോഹിണി, നവരാത്രി പൂജ, മണ്ഡലപൂജ, വിനായക ചതുർഥി, ശ്രീരാമ നവമി, ഹനുമദ് ജയന്തി, അക്ഷയ തൃതീയ, വൈശാഖ മാസം, രാമായണ മാസം എന്നിവയെല്ലാം പ്രത്യേക പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. രാമായണ മാസമായ കർക്കിടകത്തിൽ നാലമ്പല തീർഥാടകർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി സായൂജ്യമടയുന്നു. നാലമ്പല ദർശനത്തിന് പ്രാധാന്യമർഹിക്കുന്ന ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ നിന്ന് തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രത്തിലേക്കുള്ള മാർഗ മദ്ധ്യേയാണ് ആലത്തൂർ ഹനുമാൻ സന്നിധി. പഞ്ചവാദ്യ രംഗത്തെ കുലപതിയായിരുന്ന പത്മഭൂഷൺ കുഴൂർ നാരായണമാരാരുടെ നാമഥേയത്തിൽ ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും സംഗീതോൽസവം നടത്തുന്നുണ്ട് .
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment