വാല്‍ക്കണ്ണാടി

മാളയുടെ ചരിത്രത്തെ വിളിച്ചോതുന്ന 'സിനഗോഗും ശ്‌മശാനവും'

 വാൽക്കണ്ണാടി 
മാളയിലെ യഹൂദ അധിവാസത്തിന്റെ  അപൂർവ്വ അവശേഷിപ്പുകൾ ആരെയും ആകർഷിക്കും. മാളയുടെ ചരിത്രത്തെ വിളിച്ചോതുന്ന മഹാ സ്മാരകങ്ങളായി ഇന്നുള്ളത് സിനഗോഗും ശ്‌മശാനവുമാണ് . പണ്ട് അന്തരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജ്ജിച്ച ജൂത സങ്കേതമായിരുന്നു മാള. മാളയുടെ മത സൗഹാർദ്ദത്തിന്റെ മാഹാത്മ്യത്തിന്‌ മാറ്റു  കൂട്ടിയ ജന വിഭാഗമായിരുന്നു ജൂതന്മാർ. പശ്ചിമേഷ്യയിൽ നിന്നും ഉദ്ഭവിച്ച യഹൂദ മതം കേരള സംസ്‌കാര പരിണാമത്തിൽ വഹിച്ച പങ്ക് ആഹ്ളാദത്തോടെയാണ് മലയാളികൾ ഓർമ്മിക്കുന്നത്. അഭയാർഥികളായും കച്ചവടക്കാരായും കേരളത്തിലെത്തി പൊതു സമൂഹവുമായി ഇടപഴകി ജീവിച്ച യഹൂദരുടെ വിശ്വാസ പ്രമാണങ്ങൾക്കും ചിന്താ ധാരകൾക്കും മലയാളി സമൂഹം പരവതാനി വിരിച്ചു കൊടുത്തു. 

ലോക ചരിത്രത്തിൽ ഇടം പിടിച്ച "ഡയസ്പോറ"
ന്ന് കേരളത്തിലുള്ളത് വിരലിലെണ്ണാവുന്ന ജൂതന്മാർ മാത്രം. അവർ കൊച്ചിയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു. പൗരാണിക കേരളത്തിന് വിദേശ രാജ്യങ്ങളുമായിട്ടുണ്ടായിരുന്ന വാണിജ്യപരവും സാംസ്‌കാരികവുമായ ബന്ധത്തിന് അടിസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർ തുറമുഖത്താണ് ആദ്യമായി യഹൂദർ എത്തിച്ചേർന്നത്. 


ബൈബിൾ പഴയ നിയമത്തിലെ എബ്രഹാമിന്റെ പൗത്രനായ യാക്കൂബിന്റെ സന്തതി പരമ്പരകളെന്ന് വിശ്വസിക്കപ്പെടുന്ന യഹൂദരെ ബിസി പത്താം നൂറ്റാണ്ടിൽ സോളമൻ രാജാവ് ഒരു രാഷ്ട്രീയ ശക്തിയായി വളർത്തുകയും തലസ്ഥാനമായ യെറുശലേമിൽ  ലോക പ്രശസ്തമായ ഒരു ആരാധനാ കേന്ദ്രം നിർമ്മിക്കുകയും ചെയ്തു. എന്നാൽ ബിസി ആറാം നൂറ്റാണ്ടിന്റെ ഏഴാം ദശകത്തിൽ റോമക്കാരും യെറുശലേം ആക്രമിച്ച് കീഴടക്കുകയും  യഹൂദരെ കൊന്നൊടുക്കുകയുമുണ്ടായി. ഇതേ തുടർന്ന് സ്വന്തം നാട്ടിൽ നിന്ന് ബഹിഷ്‌കൃതരായ യഹൂദർ ആശ്രയവും സുരക്ഷയും തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ പാലായനമാണ് ഡയസ്പോറ എന്ന പേരിൽ ലോക ചരിത്രത്തിൽ 
ഇടം പിടിച്ചത്. എതിർപ്പുകളും പീഢനങ്ങളും യാതനകളുമാണ് പല നാടുകളിലും അവരെ കാത്തിരുന്നത്.

 ഹിറ്റ്ലറുടെ കുപ്രസിദ്ധമായ യഹൂദ വിരോധം ഇതിൽ ഒടുവിലത്തേതാണ്. പാലായനത്തിനും പീഢനത്തിനും പ്രവാസത്തിനുമിടയിൽ സ്വന്തം ജന്മ ഭൂമിയിലേക്ക് മടങ്ങുക എന്ന സ്വപ്നം സ്വന്തം മനസ്സുകളുടെ അടിത്തട്ടിൽ കെടാതെ സൂക്ഷിച്ചത് യഹൂദരുടെ സവിശേഷതയായിരുന്നു. കാലക്രമത്തിൽ കൊടുങ്ങല്ലൂരിൽ ഭരണ തലത്തിൽപ്പോലും സ്വാധീനമുള്ള ജനവിഭാഗമായി വളർന്ന യഹൂദർ കൊടുങ്ങല്ലൂരിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. 

ജൂതരുടെ കേരള പ്രവേശത്തിന്റെ കഥ പറയുന്ന നാടൻ പാട്ട് 

പോർച്ചുഗീസുകാർ 1566 -ൽ നടത്തിയ ആക്രമണത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നും ജൂതന്മാർ പൂർണ്ണമായും കുടിയൊഴിഞ്ഞു. പിന്നീട് പാലയൂർ, ചേറ്റുവ, കൊച്ചി, മട്ടാഞ്ചേരി, പറവൂർ, ചെറുമംഗലം, മാള, പുല്ലൂറ്റ് തുടങ്ങിയിടങ്ങളിൽ യഹൂദർ താമസമുറപ്പിച്ചു. ജൂതരുടെ കേരള പ്രവേശത്തിന്റെ കഥ പറയുന്ന നാടൻ പാട്ട് ലഭ്യമാണ്. ജൂത സ്ത്രീകളുടെ വാമൊഴി വഴക്കത്തിൽ നില നിൽക്കുന്ന ഈ പാട്ടിനെ പൈങ്കിളിയുടെ പാട്ട് എന്നാണ് വിളിക്കുന്നത്.

പ്രാചീന ഭാരത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നു മുസ്‌രിസ്. പെരിയാറിൽ 1341 ൽ  ഉണ്ടായ വെള്ളപ്പൊക്കം മൂലം പ്രാമുഖ്യം നേടുകയും ചെയ്തത് വരെ മുസിരിസ് വിദേശ വാണിജ്യവുമായി ബന്ധപ്പെട്ട കേരളത്തിലെ ഒന്നാമത്തെ തുറമുഖമായി നില കൊണ്ടു. കൊടുങ്ങല്ലൂരിൽ ജൂത സമൂഹം സസുഹം 1524 വരെ അധിവസിച്ചു പോന്നു. കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ജൂതപ്പള്ളിയുടെ പേരുകൾ കടവുംഭാഗവും തെക്കും ഭാഗം എന്നിങ്ങനെയായിരുന്നു. 


പോർച്ചുഗീസുകാരുടെ  വരവിനു മുൻപ് എ.ഡി പത്താം നൂറ്റാണ്ടിലെ യഹൂദ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന ജോസഫ് റമ്പാന്റെ കാലത്ത് അന്നത്തെ ഭരണാധികാരികൾ മാളയിലെ യഹൂദപ്പള്ളി നിർമ്മിക്കാനാവശ്യമായ തടി നൽകിയതായി ചില ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട് .കൊടുങ്ങല്ലൂരിലെ രാജാവിന്റെ പ്രോത്സാഹനം മാളയിലെ യഹൂദ അധിവാസത്തിന് ലഭിച്ചിരുന്നു. യഹൂദർ അവരുടെ പൂർവ്വ സ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്നും മാളയിലേക്ക് 13 -ആം നൂറ്റാണ്ടിലാണ് എത്തപ്പെട്ടത്. ജൂതർക്ക് ചോരന്മാർ പെരുമാളായ ഭാസ്കര രവിവർമ്മ നൽകിയ ജൂതപ്പട്ടയമുണ്ട്. അത് ഒരു ഭൂദാന പ്രമാണമാണ്. 

 അദ്ദേഹത്തിൻ്റെ 38 -മത്തെ  ഭരണ വർഷത്തിൽ മുയിരിക്കോട് വച്ച്  ജോസഫ് റമ്പാൻ എന്ന ജൂത പ്രമാണിക്ക് ലോകവും ചന്ദ്രനും ഉള്ളകാലത്തോളം പാരമ്പര്യമായി നൽകിയ 72 അവകാശങ്ങളും നികുതിയിളവുകളുമാണ് പട്ടയത്തിന്റെ പ്രമേയം. റമ്പാൻ രവി വർമ്മ അഞ്ചു വണ്ണത്തിന്റെ സ്ഥാനപതിയായും അവരോധിച്ചു. 

മാള അങ്ങാടി ജൂതത്തെരുവ് എന്ന പേരിൽ പ്രസിദ്ധമായിരുന്നു
കൊടുങ്ങല്ലൂരിൽ നിന്നും മാളയിലെത്തിയ  യഹൂദർ പാർപ്പുറപ്പിച്ചത് അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്. റോഡിന് ഇരുവശത്തും നിരനിരയായിട്ടായിരുന്നു അവരുടെ ഭവനങ്ങൾ. ചുറ്റു മതിലും മുറ്റവുമില്ലാത്ത റോഡിലേക്കിറങ്ങുന്ന മതിലുകളോടു കൂടിയ യഹൂദ കുടുംബങ്ങൾ ഇതര ഭവനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു.  താഴെ റോഡിനഭിമുഖമായി കച്ചവട മുറികളും മുകളിലോ പുറകിലോ താമസവുമായിരുന്നു മിക്കവാറും വീടുകളുടെ സ്വഭാവം. ഇതിൽ പലതും ഇന്നും മാളയിൽ  നില നിൽക്കുന്നു. 

മാളയിൽ ഇന്നു കാണുന്ന പോസ്റ്റോഫീസ് കെട്ടിടം യഹൂദ ഭവനമായിരുന്നു. മാള അങ്ങാടി ജൂതത്തെരുവ് എന്ന പേരിൽ പ്രസിദ്ധമായിരുന്നു. മാളയിൽ 40 ലധികം യഹൂദ കുടുംബങ്ങളുണ്ടായിരുന്നു. ഇവിടുത്തെ ജൂതരുടെ ജീവിതം സിനഗോഗിനെ കേന്ദ്രമായിട്ടുള്ളതായിരുന്നു.
 

കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന മാളയിലെ സിനഗോഗ് 1597 ലാണ് സ്ഥാപിച്ചത്. പിന്നീട് 1791 ലും നിർമ്മാണം നടത്തി. ഇന്നു കാണുന്ന സിനഗോഗ് 1908 ലാണ് പുതുക്കി നിർമ്മിച്ചത്. കൊത്തു പണികളുടെ കലാ വൈശിഷ്ട്യവും ശിൽപ്പ ചാതുര്യവും മാളയിലെ സിനഗോഗിൽ പ്രകടമാണ്. തടിപ്പണിയാണ് പ്രധാനം. മാളയിലെ നാലേക്കർ വരുന്ന ശ്‌മശാനം കേരളത്തിലെ ഏറ്റവും വിസ്തൃതമായതാണ്. 

മാള എന്ന പേര് വന്ന വഴികൾ 
ഹിബ്രു ഭാഷയിൽ മാൾഹ് അ എന്ന പദമുണ്ടെന്നും അതിന്റെ അർഥം വാസ സ്ഥാനം അഥവാ അഭയ സ്ഥാനം എന്നാണെന്നും ഈ മാൾഹ്അ സംസാര ഭാഷയിൽ രൂപ ഭേദം വന്നുണ്ടായതാണ് മാള എന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ ഹിബ്രു ഭാഷയിൽ അങ്ങനെ ഒരു പദവും അർഥവുമില്ലെന്നും വാദിക്കുന്നവരുണ്ട്. ചരിത്ര ഭാഷാ പണ്ഡിതനായ ഡോക്ടർ കെ.വസന്തൻ തൻ്റെ കേരള ചരിത്ര നിഘണ്ടുവിൽ മാളയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.


കേരളത്തിലെ  പഴക്കം ചെന്ന കമ്പോളമായിരുന്നു മാള. ഇവിടുണ്ടായിരുന്നവരുടെ അന്നത്തെ പ്രധാന ജോലികൾ വഞ്ചി നിർമ്മാണവും ഉപ്പ് വിളയിച്ചെടുക്കലുമായിരുന്നു. ഇതിനായി ഉപയോഗിക്കുന്ന കെട്ടു വള്ളങ്ങൾക്ക് മാസുള  എന്ന് പറയുമായിരുന്നു. ഈ മാസുള എന്ന പഥം ലോപിച്ചുണ്ടായതാകാം മാള എന്നും പറയുമത്രെ മാസുളയും മാള ക്‌ ഉം മാള എന്ന പേരിന് വഴി തെളിയിച്ചുവെന്നും പറയപ്പെടുന്നു. 

മുസിരിസ് തുറമുഖത്തിന്റെ ഉപ തുറമുഖമായിരുന്നു മാളക്കടവ് എന്നും അന്ന് കാലത്ത് മാന്തൈപെരുന്തറ എന്നായിരുന്നു ആയതിന്റെ പേരെന്നും ചരിത്ര പണ്ഡിതൻ പ്രൊഫസർ പി.നാരായണമേനോൻ  സമർത്ഥിച്ചിരുന്നു. ഭാഷയുടെ പരിണാമ ലോപനങ്ങളിൽ മാന്തൈ -മാളൈ -മാള എന്നായിത്തീരുവാൻ  സാധ്യതയുണ്ടെന്നും അദ്ദേഹം പരാമർശിക്കുന്നു. 

 കേരളത്തിലെ പുരാതന ജൂത മുദ്രകൾ  
ഹൂദ പാട്ടുകളുടെ സമാഹാരമായ കാർക്കുഴലിയിൽ  മാള പള്ളിയുടെ പാട്ട് ചേർത്തിരിക്കുന്നു. മാള സിനഗോഗിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രം കച്ചവട സമ്പ്രദായത്തെ അവലംബിച്ചു പോന്നു. അഗ്രഹാരങ്ങൾ പോലെ അടുത്തടുത്ത് വീടുകൾ വച്ചു താമസിക്കുന്നതാണ് അവർ ഇഷ്ടപ്പെട്ടത്.

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം എന്ന  അവബോധത്തിൽ  തന്നെ ജീവിതം കരുപ്പിടിപ്പിച്ചവരാണ് യഹൂദർ. ബൈബിളിലെ  ഗോത്ര പിതാവായ യാക്കോബിന്റെ സന്തതി പാരമ്പരകളാണത്രേ യഹൂദർ. ഹിബ്രു ഭാഷയിലെ  യഹൂദി,  ലത്തീൻ  ഭാഷയിലെ ജൂദിയാസ് എന്ന പ്രദേശങ്ങളിൽ നിന്നാണ് ജൂതർ ഉണ്ടായതെന്നും അവർ കരുതുന്നു. പഴയ നിയമത്തിലെ യാക്കോബിന്‌ ദൈവം നൽകിയ പേരാണ് യിസ്രായേൽ എന്നും ആ പേരാണ് തങ്ങളുടെ യഹൂദ രാജ്യത്തിനും ലഭിച്ചതെന്ന് അവർ ദൃഢദമായി വിശ്വസിക്കുന്നു.  



മാളയിലെ സിനഗോഗിൽ പുരാതന ജൂത മുദ്രകളായ ദാവീദിന്റെ നക്ഷത്രവും മെനോറ എന്ന് ഏഴ് ശിഖരങ്ങൾ ഉള്ള വിളക്കും ഉണ്ടായിരുന്നു. മോശ നൽകിയ പത്ത് കൽപ്പനകൾ ആലേഖനം ചെയ്ത രണ്ട് പലകകളും ആകർഷകമായിരുന്നു. ദേവാലയത്തിനകത്ത് പടിഞ്ഞാറ് ഭാഗത്താണ് മത  ഗ്രന്ഥമായ തോറ വായിച്ചിരുന്ന പീഠം സ്ഥിതി ചെയ്തിരുന്നത്. 

മെഴുകുതിരി സ്റ്റാൻഡും മനോഹരമായിരുന്നു. മുകളിലുള്ള തട്ടിൽ വിശിഷ്ട  ഗ്രന്ഥങ്ങളും ചെമ്പു തകിടുകളും സൂക്ഷിച്ചിരുന്നു. പീഠത്തിൽ തയാറാക്കിയ അൾത്താരക്ക് ഹൈക്കൽ എന്നാണ് പറയുന്നത്. ജൂതപ്പള്ളിയിൽ പൊതു പ്രാർത്ഥന നടത്താൻ പ്രായപൂർത്തിയായ  പത്ത് പുരുഷന്മാർ ഒത്ത്‌ കൂടണം. ഈ ക്വാറത്തിന് മിനിയാൻ  എന്ന് പറയുന്നു. മത ഗ്രന്ഥമായ തോറ വായിക്കാനുള്ള പീഠമാണ് ബേമ. ജൂതപ്പള്ളികൾ തൂക്കു വിളക്കു കൊണ്ട്  അലങ്കരിച്ചിരുന്നു. 

കൊച്ചിയിലെ പരദേശി പള്ളിയിൽ 78  തൂക്കു വിളക്കുകൾ ഉണ്ടായിരുന്നു. ജൂതന്മാരുടെ കേരളത്തിലെ ആദ്യ വാസ സ്ഥാനമായ കൊടുങ്ങല്ലൂരിനെ കുറിക്കാൻ അവരുപയോഗിക്കുന്ന പദമാണ് ഷിങ്‌ഗ്ലി. തോറ  സൂക്ഷിക്കുന്ന പേടകമാണ് ആർക്ക്. ജൂതമത ജീവിതത്തിൽ ആഴ്ചവട്ടത്തിലെ പുണ്യ ദിവസമാണ് ശാബത്ത്. ഭക്ഷണ കാര്യങ്ങളിൽ ജൂതർക്ക് സവിശേഷമായ ചിട്ടകളുണ്ട്. കോഷർ എന്നാണ്  ഇതറിയപ്പെടുന്നത്. കേരളീയ  ജൂതരുടെ ഏറ്റവും വിശേഷപ്പെട്ട പെരുന്നാളാണ് സിംഹത്തോറ. കൊച്ചി നിയമസഭാ അംഗമായിരുന്ന ജൂത ഗാന്ധി എന്നറിയപ്പെട്ടിരുന്ന അബ്രഹാം ബറാഷ്.

കേരളത്തിൽ ജൂതർ 2000 വർഷം പ്രവാസികളായി ജീവിച്ചു. കേരളത്തിൽ പന്ത്രണ്ടോളം ജൂതപ്പള്ളികൾ ഉണ്ടായിരുന്നു. യഹൂദരുടെ ഇസ്രായേലിലേക്കുള്ള മടക്കയാത്രക്കാലത്ത് എട്ടു പള്ളികൾ സജീവമായിരുന്നു. കൊച്ചിയിലെ പ്രസിദ്ധമായ പരദേശി സിനഗോഗ് 1568 ലാണ് നിർമ്മിച്ചത്. കോമൺവെൽത്തിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളിയെന്ന് പരദേശി സിനഗോഗ് വിശേഷിക്കപ്പെടുന്നു. പൈങ്കിളിയുടെ പാട്ടിൽ കേരളം പ്രവേശത്തിന്റെ ഓരോരോ ഘട്ടങ്ങൾ ഹൃദയ സ്‌പർശിയായും ഭാവനാത്മകവുമായും അവതരിപ്പിച്ചിട്ടുണ്ട്. 

കേരളത്തിൽ  1901 ലെ സെൻസസ് പ്രകാരം 1283 ജൂതന്മാർ ഉണ്ടായിരുന്നു. കോളനി വാഴ്ചക്കാലത്ത് പരദേശി ജൂതരെ വെളുത്ത ജൂതർ എന്നും മറ്റുള്ളവരെ കറുത്ത ജൂതരെന്നും വിളിച്ച് പോന്നു. കൊച്ചിയിലെ ആദ്യത്തെ പള്ളി കൊച്ചങ്ങാടി  എന്നാണു അറിയപ്പെട്ടത്. ഇത് 1341 ൽ സ്ഥാപിച്ചു എന്നാണ് പാരമ്പര്യ ആഖ്യാനം. ഹെബ്ബൻ  എന്ന യഹൂദ വ്യാപാരിയുമൊത്താണ് സെയ്ന്റ് തോമസ് ഇവിടെ എത്തിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. സിനായ് മലയിൽ വച്ച് യഹോവയിൽ നിന്നും മോശക്ക് ലഭിച്ച പത്ത് കൽപ്പനകൾ ഒരു ദിവ്യ നാമമായും അതാണ് പഴയ നിയമമായ തോറ എന്നും അതുപ്രകാരം യഹൂദരുടെ  രക്ഷകനും സൃഷ്ടാവും യഹോവയാണെന്നും ഇവർ വിശ്വസിക്കുന്നു.

സിനഗോഗും ശ്‌മശാനവും മാള പഞ്ചായത്തിനെ ഏൽപ്പിച്ചു 

സ്രായേൽ രാഷ്ട്രം 1948 ൽ ഐക്യരാഷ്ട്ര സഭയുടെ മേൽ നോട്ടത്തിൽ നിലവിൽ വന്നതോടെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ യഹൂദർ  തങ്ങളുടെ വാക് ദത്ത ഭൂമിയിലേക്ക് മടക്ക യാത്ര ആരംഭിച്ചു. മാളയിലിപ്പോൾ ഒരൊറ്റ യഹൂദ കുടുംബവുമില്ല. മാളയിൽ നിന്നും അവസാനത്തെ യഹൂദ കുടുംബം 1955 ജനുവരിയിലാണ് ഇസ്രായേലിലേക്ക് പോയത്.


തങ്ങളുടെ വിശുദ്ധമായ സിനഗോഗും പൂർവ്വികർ അന്ത്യ വിശ്രമം കൊള്ളുന്ന ശ്‌മശാനവും ഭാവിയിലും സുരക്ഷിതമായിരിക്കണമെന്ന മുൻ കരുതലോടു കൂടി സർക്കാരിൽ രജിസ്റ്റർ ചെയ്ത ഒരു കരാറിന്റെ അടിസ്ഥാനത്തിൽ മാള പഞ്ചായത്തിനെ ഏൽപ്പിച്ചതിനു ശേഷമാണ് അവർ ഇസ്രായേലിലേക്ക് കടന്നത്. സിനഗോഗിന്റെയും ശ്മാശാനത്തിന്റെയും തനിമയും പവിത്രതയും കാത്തു  സൂക്ഷിക്കുന്നതിനുതകുന്ന സുചിന്തിതമായ വ്യവസ്ഥകൾ കാറിലുണ്ടായിരുന്നു ഇത്തരം ഒരു കരാർ കേരളത്തിലെ യഹൂദ ചരിത്രത്തിൽ വേറെയില്ല. 

മുംബൈയിലെ  ഇസ്രായേൽ കോൺസുലേറ്ററിൽ വച്ച് അന്നത്തെ മാള പഞ്ചായത്ത് ഭരണാധികാരികൾ യഹൂദ പ്രമാണികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരാർ രൂപം കൊണ്ടത്. വടമ രജിസ്റ്റർ ഓഫീസിൽ 1955 ജനുവരി നാലിനാണ് ആറാം നമ്പറായി കരാർ രജിസ്റ്റർ ചെയ്തത്. പഞ്ചായത്ത് പ്രതിനിധിയായി എ.ഡി.ജോസഫും യഹൂദ പ്രതിനിധികളായി എറണാകുളത്ത്കാരൻ അവറോണി, പള്ളി വാതുക്കൽ ഏലിയാമ്മ, ചേന്ദ മംഗലത്തുകാരൻ ഏലിയാബായ് എന്നിവരാണ് കരാറിൽ ഒപ്പു വച്ചത്. കരാറിന്റെ എ ഷെഡ്യൂളിൽ സിനഗോഗിനെയും ബി ഷെഡ്യൂളിൽ ശ്‌മശാനത്തേയും കുറിച്ച് വിവരിക്കുന്നു. സിനഗോഗ് ആദ്യം സ്‌കൂളായും പിന്നീട് കമ്മ്യൂണിറ്റി ഹാളായും പ്രവർത്തിച്ചു. സിനഗോഗിന്റെ സ്ഥലത്ത് വടക്കു  ഭാഗത്തായി പഞ്ചായത്ത് ഇരു നില ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിച്ചു. സിനഗോഗ് 23 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മാളയിലെ സിനഗോഗിന്റെ ഭരണം 1955 നു ശേഷം ഒരു ട്രസ്റ്റായി രൂപീകരിച്ച കമ്മറ്റിക്കായിരുന്നു. 

അവരുടെ ശവക്കല്ലറകൾ  കേവലം സ്മാരകങ്ങൾ അല്ല

ശ്‌മശാനം ഏറെക്കാലം അനാഥമായി കിടന്നു. ചുറ്റു മതിൽ പൊളിച്ച് നാട്ടുകാർ കല്ലുകൾ കൊണ്ട് പോയി. ഇടയ്ക്കു വച്ചു പിടിപ്പിച്ച മരങ്ങൾ നശിപ്പിക്കപ്പെട്ടു. ശ്‌മശാനത്തിൽ ഹോം ഗാർഡിന്റെ വെടി പരിശീലനത്തിനുള്ള ലക്ഷ്യ സ്ഥാനങ്ങളായി  ശവക്കല്ലറകൾ മാറി. മാത്രമല്ല ശ്‌മശാനം ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റുകൾക്കുമുള്ള ഒരിടമായി മാറിയിരുന്നു.യഹൂദരെ സംബന്ധിച്ചിടത്തോളം അവരുടെ ശവക്കല്ലറകൾ  കേവലം സ്മാരകങ്ങൾ അല്ല. 


മണ്മറഞ്ഞു പോയ പൂർവ്വികരുടെ ആത്മാക്കൾ കല്ലറകളിൽ കാത്തിരിക്കുന്നുണ്ടെന്നും ലോകാവസാനത്തിലുള്ള വിധി നിർണായ  ദിവ സത്തിൽ അവർ ഉയർത്തെഴുന്നേൽക്കുമെന്നും യഹൂദർ വിശ്വസിക്കുന്നു. അതുകൊണ്ട് യഹൂദർക്ക് സെമിത്തേരി അനർഘമായ ദേവാലയമാണ്. നൂറു കണക്കിന് പേരെ സംസ്‌കരിച്ചിട്ടുമുള്ള മാളയിലെ യഹൂദ ശ്‌മശാനത്തിൽ കരാർ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മുപ്പതോളം ശവ കുടീരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നു കല്ലറകൾ മാത്രമാണ് ഉള്ളത്. 

ശവകൂടീരങ്ങൾക്കൊന്നും  ഹാനി വരുത്തരുതെന്നും ശ്മാശാനത്തിന്റെ ഒരിടത്തും കുഴിക്കുകയോ മണ്ണ് മാറ്റുകയോ ചെയ്തവരുണ്ടെന്നും ചുറ്റുമതിലും ഗേറ്റും പഞ്ചായത്ത് സ്വന്തം നിലയിൽ സംരക്ഷിക്കേണ്ടതാണെന്നും ഒരു ചെറിയ ഭാഗം പോലും  അന്വാധീനപ്പെടാൻ പാടില്ലെന്നും ശ്മാശാനമായി ഉപയോഗിക്കാനുള്ള യഹൂദ സമുദായത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെ അവകാശം ഒരിക്കലും നിഷേധിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നും പ്രസ്തുത കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. 

നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഈ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കപ്പെടേണ്ടതാണെന്നും  കോടതി വിധി ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ ശ്‌മശാനം പതിനൊന്നിന് പരിപാടിയനുസരിച്ച് കളി സ്ഥലമാക്കി മാറ്റാനും ഓപ്പൺ എയർ ഗ്യാലറി നിർമ്മിക്കാനും പദ്ധതിയിട്ടു. ഇത്തരുണത്തിലാണ് പ്രകൃതി സ്നേഹികൾ സംഘടിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചത്. അസോസിയേഷൻ ഓഫ് കേരള ജോസ് എന്ന സംഘടന  1994 -ൽ കരാർ ലംഘനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിലച്ചു.

 അങ്ങനെ കെ.കരുണാകരൻ സ്റ്റേഡിയം രൂപാന്തരപ്പെട്ടു

ശ്‌മശാനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് 1996 -ൽ ലോനപ്പൻ നമ്പാടൻ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചിരുന്നു. മാള യഹൂദ സംരക്ഷണ സമിതി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ജല സേചന പൈപ്പിടുന്നതിനായി ശ്‌മശാനം കുത്തിപ്പൊളിച്ചത് വീണ്ടും വാർത്തയും വിവാദവുമായി. ഇതാണ് മാല പൈതൃക സംരക്ഷണ സമിതിക്ക് രൂപം നൽകാൻ ഗതിവേഗം പകർന്നത്. 


സിനഗോഗിനോടുള്ള അവഗണന പിന്നെയും തുടർന്ന്. സിനഗോഗിന്റെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതിയും ഉയർന്നു. സിനഗോഗിന്റെ ഭൂമിയിൽ പണിത ഷോപ്പിംഗ് കോംപ്ലക്സ് ബലക്ഷയം മൂലം പൊളിച്ച് മാറ്റേണ്ടി വന്നു. നിയമസഭയിൽ 2011 ൽ അവതരിപ്പിച്ച സാമ്പത്തിക ബഡ്ജറ്റിൽ കേരളത്തിലെ ഇടതു പക്ഷ സർക്കാർ മാളയിൽ കെ. കരുണാകരന്റെ സ്മരണക്കായി ഒരു സ്റ്റേഡിയം വിഭാവനം ചെയ്ത് പ്രഖ്യാപനം നടത്തി. അങ്ങനെ കെ.കരുണാകരൻ സ്റ്റേഡിയം രൂപാന്തരപ്പെട്ടു.

യഹൂദ സ്മാരക പൈതൃക പാർക്ക് പദ്ധതി
മാള യഹൂദ സ്മാരക പൈതൃക പാർക്ക് പദ്ധതി 2011 ഡിസംബറിൽ അന്നത്തെ ടൂറിസം മന്ത്രി പ്രഖ്യാപനം നടത്തി. ഇത് ഒരു കോടി 60 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു. ഇതിനായി ഒരു വൻ കോൺക്രീറ്റ് നിർമ്മിതിയുടെ രൂപ രേഖയും തയാറായാക്കിയിരുന്നു. നിർമ്മാണം നടത്താൻ കിറ്റ് ഷോ കമ്പനിയെ ഏൽപ്പിക്കുകയും ചെയ്തു. ശ്മശാനത്തെ രണ്ടര ഏക്കറും 
ഒന്നര ഏക്കറുമായി വിഭജിച്ച് ഒരു മതിൽ പഞ്ചായത്ത് നിർമ്മിച്ചു. പിന്നീട് ഓപ്പൺ ഗ്യാലറിയും സ്റ്റേഡിയവും ഉയർന്നു. സിപിഐ എം എം എൽ എ  എ .കെ.ചന്ദ്രന്റെ ഫണ്ടിൽ നിന്നും അഞ്ചു  ലക്ഷം രൂപ വരെ ചെലവ് ചെയ്ത് ഇടിഞ്ഞു വീഴാനിരുന്ന സിനഗോഗിനെ പൂർവ്വാവസ്ഥ യിലേക്ക് പുനരുദ്ധരിച്ച് കൊണ്ട് കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പഞ്ചായത്ത് മുൻകൈ എടുത്തത് എടുത്ത് പറയേണ്ട കാര്യമാണ്. 



മാളയിൽ നിന്നും പോയ യഹൂദരുടെ പിൻ മുറക്കാരായ എഫ്രേം ബിൽവർബർഗ് കൊച്ചി തെക്കും ഭാഗം സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി എബി എബ്രഹാം, തുടങ്ങിയവരും പഞ്ചായത്തിനും മറ്റു അധികൃതർക്കും പാർക്കിന്റെ പദ്ധതിക്കെതിരെ പരാതി നൽകി. തിരുവനതപുരത്ത് എം എൽ എയുടെ മുറിയിൽ 2011 ഡിസംബർ 15 നു യോഗവും  നടന്നു. കേരള പൈതൃക പഠന കേന്ദ്രം ഡയറക്റ്റർ ജനറൽ ഡോക്ടർ എം.ജി.എസ് നാരായണനും കേന്ദ്രത്തിലെ ഡീൻ ഡോക്ടർ എംജി ശശിഭൂഷണും ഡോക്ടർ കെ.എം. അൻവറും ചീഫ് ആർക്കിറ്റെക്റ്ററും യോഗത്തിൽ പങ്കെടുത്ത് ചർച്ച നടത്തി. 

മാള പഞ്ചായത്തും യഹൂദരും ചേർന്ന് ഉണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകൾക്കനുസൃതമായി പദ്ധതി പുനരവലോകനം ചെയ്യാൻ യോഗം തീരുമാനിച്ചു. ഒരു ഉപദേശക സമിതിയും രൂപവത്കരിച്ചു. മാള പഞ്ചായത്ത് 18 ന് യോഗം വിളിച്ചു കൂട്ടിയിരുന്നു. പരാതിക്കാരുടെ പ്രതിനിധികളായി പ്രൊഫസർ കർമ്മ ചന്ദ്രനും പി.കെ.കിട്ടനും പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് 2012 ഡിസംബർ 22 ന് പൈതൃക സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ജ്ഞാനപീഠം പുരസ്‌കാരം നേടിയ ബംഗാളി എഴുത്തുകാരി മഹേശ്വതാ ദേവി ഉദ്‌ഘാടനം ചെയ്തു. നിർദേശങ്ങൾ ഓരോന്നായി പുനഃ പരിശോധിച്ച് പലതും നടപ്പാക്കാൻ 2012 ഓഗസ്റ്റ് നാലിന് നടന്ന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. 


ഇതിനു ശേഷം 2013 ആരംഭത്തിൽ ശ്മാശാനത്തിന്റെ രണ്ടര ഏക്കർ സ്ഥലത്ത് വലിയൊരു ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് എട്ടു കോടി മുതൽമുടക്കിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. യഹൂദ ശ്‌മശാനം കോൺക്രീറ്റ് നിർമ്മിതികളും ഇരുമ്പ് ഉരുക്ക്, നിർമ്മിതികളുമായി മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചപ്പോഴാണ് പ്രസ്തുത കരാറുമായി ബന്ധപ്പെട്ട ചില യഹൂദ വംശജർ തന്നെ കരാർ ലംഘനം തടയാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

ഹൈക്കോടതി വിധിയുടെ ഉള്ളടക്കം 2013 ൽ വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നപ്പോഴാണ് കോടതി നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ജനങ്ങൾ അറിയുന്നത്. മാളയുടെ യഹൂദ പൈതൃക സംരക്ഷണവുമായി കുറച്ചു കാലമായി നടക്കുന്ന വിവിധതരം പ്രശ്നങ്ങൾക്ക് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സഹകരിച്ചിട്ടുണ്ട്. 

ഇസ്രായേലിലെ ചാവു കടലിന്റെ അടുത്തുള്ള ഒരു റിസോർട്ടിൽ എല്ലാ വർഷവും മലയാളികളായ യഹൂദർ ഒത്തുചേരുക പതിവാണ്. ഇവർ നന്നായി മലയാളം സംസാരിക്കും. മലയാള ഗാനാലാപനവും നടത്തും. മാളയിലെ സിനഗോഗ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മ്യൂസിയമാക്കി മാറ്റാൻ ഇടയുണ്ട്. ചരിത്രവും ചൈതന്യവും ചാരുതയേകി ആത്മീയ വിശുദ്ധിയും പൗരാണിക പ്രൗഢിയും പരിവേഷം പരത്തുന്ന പാവനമായ മാളയിലെ യഹൂദ സ്മാരകങ്ങൾ സംരക്ഷിക്കുകയെന്നത്  സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ കടമയാണ് ഇതിനാവശ്യമായ സമ്മർദ്ദമാണ് സൃഷ്ടിക്കപ്പെടേണ്ടത്.  

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment